കമ്മിറ്റി രൂപീകരിച്ച് അഞ്ച് വർഷങ്ങൾക്കിപ്പുറമാണ് റിപ്പോർട്ട് പുറത്തുവരുന്നത്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ ഹേമ കമ്മീഷനെ നിയോഗിക്കുന്നത്. കമ്മിറ്റി രൂപീകരിച്ച് അഞ്ച് വർഷങ്ങൾക്കിപ്പുറമാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം സിനിമ മേഖലകളിലെ സ്ത്രീകളുടെ സുരക്ഷ, കാസ്റ്റിങ് കൗച്ച്, വിവേചനങ്ങൾ എന്നിവയെപ്പറ്റിയെല്ലാം പഠിക്കാനാണ് ഹേമ കമ്മീഷനെ സർക്കാർ നിയോഗിക്കുന്നത്. 2017 ജൂലായ് ഒന്നിനാണ് കമ്മറ്റി നിലവിൽ വരുന്നത്. കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി കെ ഹേമയുടെ നേതൃത്വലുള്ള കമ്മീഷനിൽ നടി ശാരദ, റിട്ടയേർഡ് ഐഎഎസ് ഓഫീസറായ വൽസല കുമാരി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.
ALSO READ: പവര്‍ ഗ്രൂപ്പ് മുതല്‍ കാസ്റ്റിങ് കൗച്ച് വരെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഒറ്റനോട്ടത്തില്‍..
2017 മുതൽ 2019 ഡിസംബർ വരെയാണ് കമ്മീഷൻ പ്രവർത്തിച്ചത്. ഈ കാലയളവിൽ നടിമാർ ഉൾപ്പടെ സിനിമ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ ജോലിയെടുക്കുന്ന സ്ത്രീകളിൽ നിന്നടക്കം കമ്മീഷൻ മൊഴിയെടുത്തു. സിനിമയിലെ വിവേചനം, വേതനം, ലൈംഗികാരോപണങ്ങൾ, സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന സാഹചര്യം തുടങ്ങിയവയായിരുന്നു കമ്മീഷൻ്റെ പരിഗണനാവിഷയം.
295 പേജുള്ള റിപ്പോർട്ടാണ് 2019 ഡിസംബർ 31ന് കമ്മീഷൻ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചത്. കമ്മീഷൻ്റെ കണ്ടെത്തലിനെ സാധൂകരിക്കുന്ന ഡോക്യുമെൻ്റുകൾ, ഓഡിയോ വീഡിയോ തെളിവുകൾ തുടങ്ങിയവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു. കമ്മീഷൻ്റെ ആകെ നടത്തിപ്പിനായി 1.06 കോടി രൂപ സർക്കാർ ചെലവഴിച്ചു. എന്നാൽ സർക്കാർ റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, റിപ്പോർട്ട് പുറത്തുവിടാനും തയ്യാറായില്ല.
ALSO READ: 'പെണ്‍മക്കളെ ഒറ്റയ്ക്ക് ജോലിക്ക് അയക്കാന്‍ പറ്റുന്ന മാന്യമായ സ്ഥലമല്ല സിനിമാമേഖല'
വിവരാവകാശ നിയമം പ്രകാരം മാധ്യമപ്രവർത്തകർ ഉൾപ്പടെ റിപ്പോർട്ടിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷൻ്റെ ഇടപെടൽ. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നൽകിയ നിർദേശം. ജൂലായ് അഞ്ചിനായിരുന്നു കമ്മീഷൻ്റെ ഇടപെടൽ വരുന്നത്. സ്വകാര്യത സംബന്ധിച്ച വാദങ്ങളെ തള്ളിയാണ് വിവരാവകാശ കമ്മീഷൻ ഇടപെടൽ നടത്തിയത്.
ജൂലായ് 24ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് സർക്കാർ പറഞ്ഞെങ്കിലും അന്നേ ദിവസം നിർമാതാവ് സജി പറയിൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഓഗസ്റ്റ് 15ന് ഈ ഹർജി തള്ളി.
ഈ മാസം 17ന് റിപ്പോർട്ട് പുറത്തുവിടുമെന്ന സാഹചര്യത്തിലാണ് നടി രഞ്ജിനിയുടെ ഹർജി കോടതിയിലെത്തുന്നത്. കമ്മീഷന് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൻ്റെ കോപ്പി കാണണമെന്നുമായിരുന്നു രഞ്ജിനിയുടെ വാദം. ഈ സാഹചര്യത്തിൽ സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വീണ്ടും നീട്ടി.
ഹർജി ഇന്ന് കോടതി പരിഗണിച്ചതിന് ശേഷം തീരുമാനമെന്നായി സർക്കാർ. എന്നാൽ ഹർജി പരിഗണിച്ച ബെഞ്ച് രഞ്ജിനിയുടെ ഹർജി തള്ളി. തൊട്ടുപിന്നാലെ അപ്പീൽ ഫയൽ ചെയ്തെങ്കിലും കോടതി സ്റ്റേ ഉത്തരവ് നൽകിയില്ല.
ALSO READ: സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ല; അടിവരയിട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
അഞ്ച് വർഷങ്ങൾക്ക് ശേഷം സിനിമ മേഖലയിലെ ചൂഷണങ്ങളും സ്ത്രീവിരുദ്ധതയും പുറത്തുവരുമ്പോൾ ഇത്തരമൊരു റിപ്പോർട്ട് കിട്ടിയിട്ടും സർക്കാർ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്.