
സിപിഎമ്മുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. തനിക്ക് പാർട്ടിയിൽ ബുദ്ധിമുട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല. തനിക്ക് യാതൊരു പ്രശ്നവുമില്ല. പാർട്ടിക്ക് വേണ്ടി പറയുന്നത് പാർട്ടിക്കെതിരായി വ്യാഖ്യാനിക്കുകയാണെന്നും, ഇത് പാർട്ടിക്ക് എതിരായ നീക്കമാണെന്നും ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ഇല്ലാത്ത ആളാണ് താൻ. അപ്പോൾ തന്നെ അവഗണിച്ചു എന്ന വ്യാഖ്യാനം തെറ്റാണ്. തനിക്ക് വേദി കിട്ടുന്നത് കുറവാണ് എന്നത് വാസ്തവമാണ്. താൻ വേദി ആവശ്യപ്പെടാറില്ലെന്നും ജി. സുധാകരൻ പറഞ്ഞു. പാർട്ടിക്ക് ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് പാർട്ടി രേഖകളിൽ തന്നെയുണ്ട്. ആലപ്പുഴയിലെ പാർട്ടിക്കെതിരായ ചില ആരോപണങ്ങൾ ചിലർ പിശക് കാണിച്ചത് കൊണ്ട് ഉണ്ടാവുന്നതാണ്. അത് അപൂർവ്വമായി സംഭവിക്കുന്നതാണ്. പ്രത്യയശാസ്ത്രപരമായ മൂല്യശോഷണം പാർട്ടിയെ ബാധിക്കുന്നുണ്ട്. പാർട്ടിയിൽ തിരുത്തൽ പ്രവർത്തി എന്നും നടന്നിട്ടുണ്ട്. ഇന്നത് കൂടുതൽ നടത്തണമെന്നും ജി. സുധാകരൻ പറഞ്ഞു.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ജി. സുധാകരൻ പ്രതികരിച്ചു. മറ്റ് പാർട്ടിക്കാരെ കാണരുതെന്ന് പാർട്ടി പറഞ്ഞിട്ടില്ല. കാണാൻ വരുന്നവർ എന്നെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാലുമായി കാലങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളത്.
ഞാൻ കെ.സിയോടാണ് രാഷ്ട്രീയം പറഞ്ഞത്. ഞാൻ അയാളെയും അയാൾ എന്നെയും പാർട്ടിയിലേക്ക് ക്ഷണിച്ചില്ല. ഉത്തരവാദിത്തപ്പെട്ട ആളുകൾ തമ്മിൽ കാണുന്നത് ദുരുദ്ദേശപരമായി വ്യാഖ്യാനിക്കരുതെന്നും ജി. സുധാകരൻ പറഞ്ഞു. ബി. ഗോപാലകൃഷ്ണൻ സന്ദർശനം തെറ്റായി ഉപയോഗിച്ചു. തൻ്റെ ഭാര്യയുടെ മനസ് ബി. ഗോപാലകൃഷ്ണൻ എങ്ങനെ അറിഞ്ഞു. ഒരൊറ്റ ബിജെപിക്കാരെയും ഇനി തന്റെ വീട്ടിൽ കയറ്റില്ല എന്നും സുധാകരൻ പറഞ്ഞു. രാമായണം ഉത്തമമായ ഒരു സാഹിത്യ സൃഷ്ടിയാണ്. അതിനെ ആ രീതിയിലാണ് സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.