അധികാര തുടർച്ചയെന്ന് പറഞ്ഞാൽ പോരാ, അതിനായി പ്രവർത്തിക്കണം: ജി. സുധാകരന്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തെറ്റുകൾ കാണിക്കുന്നവർ കടന്നുവരുന്നുണ്ടെന്നും അവരുടെ പ്രസ്താവനകൾ കാരണം രക്തസാക്ഷി കുടുംബങ്ങൾക്ക് വരെ വേദനയുണ്ടാകുന്നുവെന്നും സുധാകരൻ പറഞ്ഞു
ജി. സുധാകരൻ
ജി. സുധാകരൻ
Published on

അധികാര തുടർച്ചയെന്ന് പറഞ്ഞാൽ പോരാ, അതിനായി പ്രവർത്തിക്കണമെന്ന് സിപിഐഎം നേതാവ് ജി. സുധാകരൻ. പ്രവർത്തനം വിജയം കണ്ടാലേ ഭരണത്തുടർച്ച ഉണ്ടാകൂ. മന്ത്രി സജി ചെറിയാനെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ തുടർഭരണം സാധ്യമാകുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.


തന്നെ പരോക്ഷമായി വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റിൽ എസ്എഫ്ഐ നേതാവിനെ തിരുത്താത്തതിലുള്ള അതൃപ്തിയും ജി. സുധാകരൻ പരസ്യമാക്കി. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനു പിന്നാലെയാണ് ജി. സുധാകരനെ പരിഹസിച്ച് എസ്എഫ്ഐ നേതാവ് എ.എ. അക്ഷയ് പോസ്റ്റിട്ടത്. 'ഈ മണ്ണിൽ ഇനിയും ആനേകായിരങ്ങൾ പുതിയ നേതൃത്വമായി ജനിക്കും, ഇത് തനിക്ക് ശേഷം ആരും വേണ്ട എന്ന് മർക്കട മുഷ്ടി ചുരുട്ടിയ നേതാവിനു മുൻപിൽ സമർപ്പിക്കുന്നു', എന്നായിരുന്നു അക്ഷയ്‌യുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി എം. ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ പോസ്റ്റ്. ആദ്യ സംസ്ഥാന പ്രസിഡന്റായ സുധാകരന് ശേഷം ആദ്യമായിട്ടാണ് ആലപ്പുഴയിൽ നിന്ന് ഒരാൾ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാകുന്നത്. ഇത്തരത്തിലുള്ള ദ്വയാർത്ഥത്തിലുള്ള പോസ്റ്റുകൾ ഇടാൻ പാടില്ലെന്ന് പാർട്ടി നിർദേശമുള്ളതാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. അത് ബൂർഷ്വാ രീതിയാണ്. പത്തറുപ് വർഷം പാർട്ടിയിൽ പ്രവർത്തിച്ച എസ്എഫ്ഐയുടെ ആദ്യ സ്റ്റേറ്റ് പ്രസി‍ഡന്റിനെപ്പറ്റിയാണ് ഈ പോസ്റ്റെന്ന് പത്രങ്ങളെഴുതിയപ്പോൾ അല്ലെന്ന് എസ്എഫ്ഐ നേതാവ് തിരുത്തിയില്ലെന്നും സുധാകരൻ വിമർശിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തെറ്റുകൾ കാണിക്കുന്നവർ കടന്നുവരുന്നുണ്ടെന്നും അവരുടെ പ്രസ്താവനകൾ കാരണം രക്തസാക്ഷി കുടുംബങ്ങൾക്ക് വരെ വേദനയുണ്ടാകുന്നുവെന്നും സുധാകരൻ പറഞ്ഞു. അക്ഷയ്‌യുടെ പോസ്റ്റിന് പിന്നാലെ വിമർശനവുമായി ജി. സുധാകരൻ കവിത എഴുതിയിരുന്നു. ഈ കവിത പൊതുവായ വീക്ഷണം വെച്ചാണ് എഴുതിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് വളരെ ​ഗുണകരമായ കവിതയാണ്. എസ്എഫ്ഐക്ക് എതിരായ കവിതയല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 'ഞാൻ നടന്നു പഠിച്ച വിപ്ലവ കലാസ്ഥാപനം കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നു, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവർ’ എന്നായിരുന്നു കവിതയിലെ ചില വരികൾ.

Also Read: 'CPIMന്‍റെ നവ ഫാഷിസ്റ്റ് വ്യാഖ്യാനം ആത്മവഞ്ചന'; മാർക്സിസ്റ്റ് പാർട്ടി അണികളെ കബളിപ്പിക്കുന്നുവെന്ന് വി.എം. സുധീരന്‍

സജി ചെറിയാന്റെ കാലഘട്ടം ആലപ്പുഴയുടെ സുവർണകാലമാണെന്ന അക്ഷയ്‌യുടെ പോസ്റ്റിനെതിരെ നടപടിയെടുക്കാത്തതിനെയും സുധാകരൻ വിമർശിച്ചു. "പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയാൻ പറഞ്ഞില്ലല്ലോ? അത് ആദ്യം പറയേണ്ടത് സജി ചെറിയാനല്ലേ? എന്നെപ്പറ്റി അങ്ങനെ പറയരുത്. എനിക്ക് മുകളിൽ മുതിർന്ന നേതാക്കളുണ്ട്. ഞങ്ങളിങ്ങനെ തുടർച്ചയാണ്. ഒരാളുടെ കാലഘട്ടം സുവർണവും ഒരാളുടെ കാലഘട്ടം കരിക്കട്ടയുമൊന്നുമല്ല. ആ കമ്യൂണിസ്റ്റ് ബോധം യുവാക്കളിൽ ഉണ‍ർത്തുന്ന നേതൃത്വമാണ് വേണ്ടത്", ജി. സുധാകരൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com