ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് അവഗണിച്ചാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തേക്ക് നിയമിച്ചത്
ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
Published on

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് അവഗണിച്ചാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തേക്ക് നിയമിച്ചത്. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് എതിരെയുള്ള പൊതുതാൽപര്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തില്‍ വിയോജനക്കുറിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പാതിരാ നിയമനം മര്യാദകേടാണെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് നീക്കി സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുവെന്നുമാണ് രാഹുലിൻ്റെ വിമർശനം. മോദി സർക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. അംബേദ്കറുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുക പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്‍റെ കടമയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന ഗ്യാനേഷ് കുമാർ, മൂന്നംഗ പാനലിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് കമ്മീഷണറായി ആരുവരുമെന്ന ചർച്ചകൾ കൊഴുക്കുമ്പോൾ തന്നെ പ്രഥമ പരിഗണനയിലുണ്ടായിരുന്ന പേരാണ് ഗ്യാനേഷ് കുമാറിൻ്റെത്.


ഏറ്റവും മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷണറെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഉയര്‍ത്തുക എന്നതായിരുന്നു ഇതുവരെയുള്ള രീതി. പുതിയ രീതി അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി അഞ്ച് സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ പേരുകള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയും സെലക്ഷന്‍ കമ്മിറ്റി അഞ്ച് പേരിൽ നിന്ന് ഗ്യാനേഷ് കുമാറിൻ്റെ പേര് നിർദേശിക്കുകയും ചെയ്തു. ഇതോടെ ഈ വർഷം അവസാനം നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളും 2026 ൽ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളും ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പുകൾക്ക് ഗ്യാനേഷ് നേതൃത്വം വഹിക്കും.

കേരള കേഡറിൽ നിന്നുള്ള 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. 61 കാരനായ ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിൽ നിരവധി ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. സഹാറ ഗ്രൂപ്പിന്റെ നാല് മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ യഥാർത്ഥ നിക്ഷേപകർക്ക് ക്ലെയിമുകൾ സമർപ്പിക്കുന്നതിനായി സിആർസിഎസ്-സഹാറ റീഫണ്ട് പോർട്ടൽ സമയബന്ധിതമായി ആരംഭിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

2020-ൽ, ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി എന്ന നിലയിൽ, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണത്തിന് കാരണമായ രേഖകൾ കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെ, അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട നിർണായക കാര്യങ്ങൾ കുമാർ മേൽനോട്ടം വഹിച്ചു.2024 മാർച്ച് 14 നാണ് ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 2029 ജനുവരി 26 വരെയാണ് ഗ്യാനേഷ് കുമാറിൻ്റെ കാലാവധി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com