ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് യുഎസ്സില്‍ അറസ്റ്റില്‍

ഇന്ത്യയിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളയാളാണ് അന്‍മോല്‍
ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് യുഎസ്സില്‍ അറസ്റ്റില്‍
Published on


കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ യുഎസ്സില്‍ അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്‍മോലിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കാനഡയില്‍ ഒളിവിലായിരുന്ന അന്‍മോല്‍ അനധികൃതമായി യുഎസിലേക്ക് കടക്കുകയായിരുന്നു. അനധികൃത രേഖകളുമായി രാജ്യത്ത് പ്രവേശിച്ചതിനാണ് അറസ്റ്റ്.

ഇന്ത്യയിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളയാളാണ് അന്‍മോല്‍. പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലും മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ട്.

ഇന്ത്യന്‍ ഗവണ്‍മെന്റ് ചുമത്തിയ കേസുകളിലല്ല അന്‍മോല്‍ ഇപ്പോള്‍ യുഎസ്സില്‍ അറസ്റ്റിലായിരിക്കുന്നത്. അതിനാല്‍ തന്നെ, അന്‍മോലിനെ ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കാനാകില്ലെന്നാണ് വിവരം. നിലവില്‍ അയോവയിലെ പോട്ടവാട്ടമി കൗണ്ടി ജയിലിലാണ് അന്‍മോല്‍ കഴിയുന്നത്.


എന്‍ഐഎ ഫയല്‍ ചെയ്ത കേസില്‍ അന്‍മോലിനെതിരെ മഹാരാഷ്ട്ര കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെ, വിദേശത്തു നിന്നും എത്തിക്കാന്‍ ഈ മാസം ആദ്യം മുംബൈ പോലീസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്റര്‍പോളും ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് സ്വദേശിയായ അന്‍മോല്‍ ബിഷ്‌ണോയി ഇന്ത്യയില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലേക്ക് കടന്നതായാണ് കരുതുന്നത്. രണ്ട് എന്‍ഐഎ കേസുകള്‍ അന്‍മോലിനെതിരെ നിലവിലുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്‍മോലിനെ കണ്ടെത്തിയാല്‍ പത്ത് ലക്ഷം രൂപ പാരിതോഷികവും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com