മുൻ ശിവസേന അംഗമായ ഇയാൾ 2011ൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് വലതുപക്ഷ ഹിന്ദു ജൻജാഗൃതി സമിതിയിൽ ചേരുകയായിരുന്നു
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീകാന്ത് പംഗാർക്കർ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശ്രീകാന്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക‌്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നത്. മുൻ ശിവസേന അംഗമായ ഇയാൾ 2011ൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് വലതുപക്ഷ ഹിന്ദു ജൻജാഗൃതി സമിതിയിൽ ചേരുകയായിരുന്നു.
കഴിഞ്ഞ ദിവസം പാർട്ടി നേതാവും മുൻ മന്ത്രിയുമായ അർജുൻ ഖോട്കറുടെ സാന്നിധ്യത്തിലാണ് ശ്രീകാന്ത് ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേർന്നത്. "ഒരു മുൻ ശിവസൈനികനായ ശ്രീകാന്ത് ഇപ്പോൾ പാർട്ടിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ജൽന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തലവനായി ഇയാളെ നാമനിർദേശം ചെയ്തിട്ടുണ്ട്," അർജുൻ ഖോട്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജൽനയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം അർജുൻ ഖോട്കർ മുന്നോട്ട് വെച്ചെങ്കിലും, മഹായുതി സഖ്യത്തിൽ സീറ്റ് പങ്കിടൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. നവംബർ 23നാണ് വോട്ടെണ്ണല്‍.
2017 സെപ്തംബർ അഞ്ചിനാണ് ബെംഗളൂരുവിലെ വീടിന് പുറത്ത് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. മഹാരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. 2001-2006 കാലഘട്ടത്തിൽ ശ്രീകാന്ത് അവിഭക്ത ശിവസേനയുടെ ജൽന മുനിസിപ്പൽ കൗൺസിലറായിരുന്നു. 2018 ഓഗസ്റ്റിലാണ് ഇയാൾ അറസ്റ്റിലായത്. ഈ വർഷം സെപ്റ്റംബർ 4ന് കർണാടക ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.