'സൗരോർജ കരാർ ലഭിക്കാൻ കോടികൾ കൈക്കൂലി നൽകി'; അദാനിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ന്യൂയോർക്ക് കോടതി

20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്
'സൗരോർജ കരാർ ലഭിക്കാൻ കോടികൾ കൈക്കൂലി നൽകി'; അദാനിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ന്യൂയോർക്ക് കോടതി
Published on

കൈക്കൂലി കേസിൽ ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ന്യൂയോർക്ക് കോടതി. സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട് കരാർ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് കേസ്. യുഎസിലെ നിക്ഷേപകരിൽ നിന്ന് അഴിമതി മറച്ചുവെച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിക്കെതിരെ അഴിമതിക്കും വഞ്ചനയ്ക്കും ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയിരുന്നു.


20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ അദാനിയും അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേർ ശ്രമിച്ചതായി യുഎസ് പ്രോസിക്യൂട്ടർമാർ പറയുന്നു. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നും കേസുണ്ട്. ഗൗതം അദാനിക്കൊപ്പം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനി, വിനീത് ജെയ്‌ൻ എന്നിവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.


യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, അഴിമതി, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൂടാതെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സിവിൽ കേസിലും അദാനി ഗ്രീൻ എനർജിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

പ്രതികൾക്കെതിരെ യുഎസിലെ കൈക്കൂലി വിരുദ്ധ നിയമമായ വിദേശ അഴിമതി വിരുദ്ധ ആക്ട് ലംഘിക്കാൻ ഗൂഢാലോചന നടത്തിയതിനും നാല് പേർക്കെതിരെ നീതി തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com