കലൂർ സ്റ്റേഡിയത്തിലെ അപകടം: ജിസിഡിഎ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

വേദിയുടെ നിർമാണത്തിൽ അപാകത കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ
കലൂർ സ്റ്റേഡിയത്തിലെ അപകടം: ജിസിഡിഎ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
Published on


കലൂർ സ്റ്റേഡിയം അപകടത്തിൽ ജിസിഡിഎ ഉദ്യോഗസ്ഥയെ പൊലീസ് ചോദ്യം ചെയ്യും. അസിസ്റ്റന്റ് എൻജിനീയർ ഉഷയെയാണ് ചോദ്യം ചെയ്യുക. വേദിയുടെ നിർമാണത്തിൽ അപാകത കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയർ അനിൽ വർഗീസിനെയും പൊലീസ് ചോദ്യം ചെയ്യും.

വിജിലൻസിൽ പരാതി നൽകിയ ചെഷയർ ടാർസൺ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ളക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിലൂടെ മൃദംഗവിഷന് കൊള്ളലാഭം ഉണ്ടാക്കാൻ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ള കൂട്ടുനിന്നുവെന്ന് ചെഷയർ ന്യൂസ് മലയാളത്തോട് പറഞ്ഞു. തട്ടിപ്പിൽ പങ്കില്ലെന്ന് പറയുന്നത് ചെയർമാൻ്റെ സ്ഥിരം പല്ലവിയാണ്. ചെയർമാൻ ഇല്ലാത്ത അധികാരം ദുർവിനിയോഗം ചെയ്തെന്നും ചെഷയർ ടാർസൺ ആരോപിച്ചു.


പരിപാടിക്കുള്ള വാടകയും ഡിപ്പോസിറ്റും തീരുമാനിക്കേണ്ടത് ജനറൽ കൗൺസിലാണ്. ചെയർമാൻ്റെ തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ചെയർമാൻ്റെ മൗനമാണ് സാമ്പത്തിക അഴിമതിയെന്നും ഇയാൾ പറഞ്ഞു.

മേയർക്കെതിരെയും പരാതിക്കാരൻ ആരോപണങ്ങളുന്നയിച്ചു. പരിപാടിയെ കുറിച്ച് അറിയില്ലെന്ന് മേയർ പറയുന്നത് നുണയാണെന്നാണ് ചെഷയറിൻ്റെ പക്ഷം. എന്തുകൊണ്ട് റവന്യു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തില്ലെന്ന് ഇയാൾ ചോദിക്കുന്നു. മേയർക്ക് മേൽ സമ്മർദമുണ്ട്. റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്താൽ സത്യം പുറത്തുവരും. വിനോദ നികുതി നഷ്ടപ്പെട്ടതിൽ എന്തു കൊണ്ട് ഇത് വരെ നോട്ടീസ് കൊടുത്തില്ലെന്നും ചെഷയർ ചോദിച്ചു.


അതേസമയം എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് കലൂർ സ്റ്റേഡിയം മൃദംഗനാദം പരിപാടിക്ക് വിട്ടുനൽകിയതെന്ന ആരോപണത്തില്‍, കമ്മിറ്റിയുടെ തീരുമാനം അന്തിമമല്ലെന്നായിരുന്നു ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ളയുടെ പ്രതികരണം. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും വീഴ്ച ആരുടേതെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും ചന്ദ്രൻപ്പിള്ള അറിയിച്ചു. കലൂർ സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചർച്ചയ്ക്ക് ശേഷമാണെന്നും ചെയർമാൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിന് പകരമായി റിബണ്‍ വെച്ചിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെ ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന്റെ നില തൃപ്തികരമാണെന്നും അപകടനില പൂര്‍ണമായി തരണം ചെയ്യാത്തതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com