
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 105ാം സ്ഥാനം. ആകെ 127 രാജ്യങ്ങളുടെ സൂചികയിലാണ് ഇന്ത്യയ്ക്ക് 105-ാം സ്ഥാനം. 27.3 ആണ് ഇത്തവണ ഇന്ത്യയുടെ സ്കോർ. വളരെ ഗൗരവകരം എന്ന വിഭാഗത്തിലാണ് ഈ സ്കോർ പെടുന്നത്. പട്ടിണി സൂചികയിൽ ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുടെ പിറകിലാണ് ഇന്ത്യ. എന്നാൽ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സൂചികയിൽ ഇന്ത്യയ്ക്ക് പിറകിലാണ്.
2023ൽ 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്തായിരുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യയിൽ പോഷകാഹാരക്കുറവിൽ വർധനയുണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
കണ്‍സേണ്‍ വേള്‍ഡ് വൈഡും വെല്‍റ്റ് ഹംഗര്‍ ഹില്‍ഫും സംയുക്തമായി പ്രസിദ്ധീകരിച്ച പട്ടിക ആഗോള, പ്രാദേശിക, രാജ്യ തലത്തില്‍ പട്ടിണി സമഗ്രമായി കണ്ടെത്തുന്നതാണ്. പട്ടിണിയുടെ രൂക്ഷത അനുസരിച്ചാണ് സൂചികയിൽ രാജ്യങ്ങളെയും സ്കോറും തരംതിരിക്കുന്നത്. പോഷകാഹാരക്കുറവ്, കുഞ്ഞുങ്ങളിലെ ശരീരശോഷണം, ശിശുവളര്‍ച്ചാ മുരടിപ്പ്, ശിശുമരണ നിരക്ക് എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിണി സൂചികയില്‍ സ്‌കോര്‍ കണക്കാക്കുന്നത്. ഈ രീതി പ്രകാരം, 9.9-ല്‍ താഴെയുള്ള സ്‌കോര്‍ 'കുറഞ്ഞത്', 10-19.9 വരെ'മിതമായത്', 20-34.9 'ഗൗരവമുള്ളത്', 35-49.9 'അപകടകരം', 50-ന് മുകളിലുള്ളത് 'അങ്ങേയറ്റം ഭയപ്പെടുത്തുന്നത്' എന്നിവയെ സൂചിപ്പിക്കുന്നു.