
സ്വർണക്കടത്ത് കേസിൽ ഇ.ഡി. വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നയതന്ത്ര ബാഗിന് യഥാർത്ഥത്തിൽ നയതന്ത്ര പരിരക്ഷ ഉണ്ടോയെന്നും സുപ്രീം കോടതി ചോദിച്ചു. ഇ.ഡി സമർപ്പിച്ച ഹർജിയിലാണ് നടപടി.
കേന്ദ്ര സർക്കാരിന് നയതന്ത്ര ബാഗേജ് പരിശോധിക്കാൻ കഴിയുമോ? നയതന്ത്ര ബാഗേജ് പരിശോധിക്കുന്നതിനുള്ള നടപടിക്രമം എന്താണ്? തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം നല്‍കാനാണ് ഇ.ഡിക്ക് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ബാഗിന് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ഇ.ഡി. മറുപടി നല്‍കി.
2019നും 2020നും ഇടയില്‍ നയതന്ത്ര ചാനല്‍ വഴി വിവിധ രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ സ്വർണം കടത്തിയതിനാണ് ഇ.ഡി. കേസ്. 2021 ജനുവരി 5ന് 20 പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2020 ജൂലൈ 5നാണ് തിരുവനന്തപുരത്തുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍റെ വിലാസത്തില്‍ അയച്ച ബാഗില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് സ്വർണം കണ്ടെത്തിയത്.
14.82 കോടി വിലമതിക്കുന്ന 30 കിലോ സ്വർണമാണ് കണ്ടെത്തിയത്. പ്രധാന പ്രതികളായ സരിത് പി.എസ്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ 2020 ജൂലൈ 22ന് ഇ.ഡി. അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തില്‍ ഇത് തെളിഞ്ഞതിനെ തുടർന്ന് ശിവശങ്കരനെയും അറസ്റ്റ് ചെയ്തിരുന്നു.