"ഗോപൻ സ്വാമിയുടെ വായയുടെ ഭാഗം മാത്രമാണ് അഴുകിയിരുന്നത്"; കല്ലറ പൊളിച്ചപ്പോള്‍ കണ്ട കാഴ്ച വിവരിച്ച് വാർഡ് മെമ്പർ

മൃതദേഹം ഗോപൻ സ്വാമിയുടെ തന്നെയാണെന്ന് ഉറപ്പിക്കാമെന്നും പ്രസന്നകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു
"ഗോപൻ സ്വാമിയുടെ വായയുടെ ഭാഗം മാത്രമാണ് അഴുകിയിരുന്നത്"; കല്ലറ പൊളിച്ചപ്പോള്‍ കണ്ട കാഴ്ച വിവരിച്ച് വാർഡ്  മെമ്പർ
Published on


ഗോപൻ സ്വാമിയുടെ മക്കളും ഭാര്യയും പറഞ്ഞത് പോലെ തന്നെയായിരുന്നു കല്ലറ പൊളിച്ചപ്പോള്‍ കണ്ട കാഴ്ചകളെന്ന് നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാറിൻ്റെ മൊഴി. ഗോപൻ സ്വാമിയുടെ തലയിൽ സ്ലാബ് മുട്ടിയിരുന്നില്ലെന്നും വായ തുറന്ന നിലയിൽ ആയിരുന്നുവെന്നും വാർഡ് മെമ്പർ വിശദീകരിച്ചു. മൃതദേഹം ഗോപൻ സ്വാമിയുടെ തന്നെയാണെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

"മുന്നിൽ രണ്ട് സ്ലാബുകളാണ് ഉണ്ടായിരുന്നത്. സ്ലാബിൻ്റെ വലതുവശമാണ് ആദ്യം പൊളിച്ചത്. അതിന് പുറത്താണ് സിമൻ്റ് കൊണ്ട് പൂശിയിരുന്നത്. സിമൻ്റ് കെട്ടായിരുന്നു കൂടുതൽ. മൃതദേഹം ഇരിക്കുന്ന നിലയിലായിരുന്നു. ഭസ്മം മുഴുവനായിട്ട് ഇട്ടിട്ടുണ്ടാകാം. എന്നാൽ ഒന്നുകൂടി സെറ്റായി നെഞ്ചറ്റം വരെ താഴ്ന്ന നിലയിലായിരുന്നു. നല്ല രീതിയിൽ ഇരിക്കുകയായിരുന്നു. തുണി കൊണ്ട് ശരീരം മൊത്തം പുതച്ചിരുന്നു. വായയുടെ ഭാഗം മാത്രമാണ് അഴുകിയിരുന്നത്," പ്രസന്നകുമാർ പറഞ്ഞു.

"മൃതദേഹം ഗോപൻ സ്വാമിയുടെ തന്നെയാണെന്ന് ഉറപ്പിക്കാം. കല്ലറയ്ക്കുള്ളിൽ ഭസ്മവും കർപ്പൂരവും അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങൾ മൃതദേഹത്തിന് ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇത് മുഴുവൻ മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്," വാർഡ് മെമ്പർ പറഞ്ഞു. 



"ഹൃദയഭാഗം വരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ്. മുഖത്തും ശിരസ്സിലും വിഗ്രഹത്തിൽ ചാർത്തുന്നത് പോലെ കളഭം ചാർത്തിയിരുന്നു. പിതാവ് വാങ്ങിവെച്ചിരുന്ന ശിലയെടുത്ത് സമാധി മണ്ഡപം മൂടി," എന്നാണ് മക്കൾ പൊലീസിന് നൽകിയ മൊഴി. ഈ മൊഴി ശരിവെക്കുന്ന കാഴ്ചയാണ് കല്ലറ തുറന്നപ്പോഴും കാണാനായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com