
കേരളത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനമാണ് കിഫ്ബിയിലൂടെ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ക്ഷേമ പെന്‍ഷനുകള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിച്ചുവെന്നും കൃത്യമായി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിച്ചുരുക്കി. കേരളത്തിന്റെ നികുതി വിഹിതം കേന്ദ്രം കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മൂന്ന് വര്‍ഷക്കാലയളവില്‍ 19,000 കോടി രൂപയുടെ കുറവ് ഗ്രാന്‍ഡ് ഇനത്തില്‍ ഉണ്ടായി. നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികളുടെ ധനസഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. സംസ്ഥാനത്ത് ക്ഷേമാനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കുടിശ്ശികയുണ്ടായി എന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രശ്‌നം കൊണ്ടല്ല കുടിശ്ശിക വന്നത്. കുടിശ്ശിക നിവാരണം സമയബന്ധിതമായി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നുണ്ട്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുക ഇനിയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ പെന്‍ഷന്‍ 5 മാസത്തെ കുടിശ്ശികയാണുള്ളത്. ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം 3 ഗഡുവും വിതരണം ചെയ്യും. കാരുണ്യ മരുന്ന് വിതരണം, നെല്ല് സംഭരണം അടക്കം കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം കൊടുത്ത് തീര്‍ക്കും. എല്ലാ താലൂക്കിലും നീതി സ്റ്റോറുകളും വാതില്‍പ്പടി വിതരണവും പുനസ്ഥാപിക്കും.
കരാറുകാര്‍ക്കുള്ള 2500 കോടിയോളം കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം കൊടുത്തുതീര്‍ക്കും. ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഈ സാമ്പത്തിക വര്‍ഷം കൊടുത്ത് തീര്‍ക്കും. ഡി എ, ഡിആര്‍ ശമ്പള പരിഷ്‌കരണ കുടിശിക സംബന്ധിച്ച് ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വര്‍ഷത്തിലും രണ്ട് ഗഡു വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടുത്ത പണ ഞെരുപ്പം നിലനില്‍ക്കുമ്പോഴും അവശവിഭാഗത്തെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.