മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; കാരണം വനഭൂമി കൈയേറ്റം തടയാതിരുന്നതെന്ന് സിഎജി റിപ്പോർട്ട്

നിര്‍മാണ പ്രവര്‍ത്തനങ്ങളും മനുഷ്യന്‍റെ കടന്നുകയറ്റവുമാണ് വനത്തിലെ ആവാസ വ്യവസ്ഥയെ നശിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കൺട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. വനം വനേതര ഭൂമി വേര്‍തിരിക്കുന്നതിലും ആനത്താരകള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വനങ്ങളില്‍ വര്‍ധിച്ചു വരുന്ന അധിനിവേശ സസ്യങ്ങള്‍ നശിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്താന്‍ വനം വകുപ്പിന് സാധിച്ചില്ല. ഇത് കാരണം വെള്ളവും ആഹാരവും തേടി വന്യജീവികള്‍ നാട്ടിലിറങ്ങി. കേരളത്തിലെ വന വിസ്തൃതി കുറയുന്ന സാഹചര്യത്തെയും സിഎജി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.

വയനാട്ടിലെ വനവിസ്തൃതി കുറഞ്ഞു. 1950ല്‍ 1811.35 ചതുരശ്ര കിലോമീറ്റര്‍ വനമുണ്ടായിരുന്നു. 2021ല്‍ 863 .86 ചതുരശ്ര കിലോമീറ്ററായി ഇത് കുറഞ്ഞിട്ടുണ്ട്. 947.49 ചതുരശ്ര കിലോമീറ്റര്‍ വന വിസ്തൃതിയാണ് കുറഞ്ഞിരിക്കുന്നത്. തോട്ടങ്ങള്‍ക്കും കൃഷികള്‍ക്കുമായി വനഭൂമി ഏറ്റെടുത്തതാണ് വിസ്തൃതി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വന്യജീവി സെന്‍സസ് കൃത്യമായി നടപ്പാക്കിയില്ലെന്നും വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്തതായും വിമര്‍ശനമുണ്ട്. കെഎസ്ഇബിക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ക്കുമാണ് വനഭൂമി നല്‍കിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളും മനുഷ്യന്‍റെ കടന്നുകയറ്റവുമാണ് വനത്തിലെ ആവാസ വ്യവസ്ഥയെ നശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്ത് 2017 മുതല്‍ 2021 വരെ 29798 വന്യജീവി ആക്രമണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 445 പേരുടെ ജീവനാണ് ഇത്തരം സംഭവങ്ങളില്‍ നഷ്ടമായത്. വയനാട്ടില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 6161 കേസുകളാണ്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളില്‍ 12.48 ശതമാനവും വയനാട്ടില്‍ നിന്നാണ്. അക്രമകാരികളായ ആനകള്‍ക്ക് റേഡിയോ കോളര്‍ സ്ഥാപിക്കുന്നതില്‍ വനംവകുപ്പ് പരാജയമായിരുന്നെന്നും സിഎജി. അക്രമകാരികളായ ആനകള്‍ക്ക് റേഡിയോ കോളര്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര വന മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. 2018ല്‍ പാലക്കാട് ഡിഎഫ്ഒ 5.63 കോടി രൂപ ചെലവാക്കി മൂന്നു റേഡിയോ കോളര്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇന്നേവരെ കോളര്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വാങ്ങിയെടുക്കാന്‍ വനം വകുപ്പിന് സാധിച്ചിട്ടില്ല. വനഭൂമി കൈയേറ്റം തടയാതിരുന്നതാണ് മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് കാരണമായതെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു.

കെഎസ്ഇബിക്കെതിരെയും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 26401.16 കോടിയുടെ ഫണ്ട് പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റിന് നല്‍കിയിട്ടില്ല. ഇതോടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ മുതലായവയ്ക്ക് ഫണ്ട് നിക്ഷേപിക്കാനും വരുമാനമുണ്ടാക്കാനും ട്രസ്റ്റിന് കഴിഞ്ഞില്ല. കൂടാതെ സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് കെഎസ്ഇബി ശമ്പള പരിഷ്‌കരണം നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശമ്പളത്തിനും അലവന്‍സുകള്‍ക്കുമായി 1011 കോടിയും പെന്‍ഷന്‍ പരിഷ്ക്കരണ കുടിശ്ശികയായി 306 കോടിയും ചെലവഴിച്ചതായാണ് വിവരങ്ങള്‍.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതികളിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017- 22 കാലയളവില്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സര്‍വേ നടത്തിയില്ല. 2021ല്‍ എൻറോള്‍ ചെയ്തവരില്‍ 12 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 3,499 വിദ്യാര്‍ഥികള്‍ ഇ ഗ്രാൻ്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തില്ലായെന്ന കാരണത്താല്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com