സിനിമാ നയത്തില്‍ കരട് തയ്യാറാക്കാൻ ഷാജി എൻ കരുണിൻ്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാവരുമായും ചർച്ച നടത്തിയാണ് നയം രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്‍റെ പശ്ചാത്തലത്തില്‍ മൊഴി നൽകിയവർ പരാതി നൽകാൻ മുന്നോട്ടു വന്നാൽ ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. എത്ര ഉന്നതനായാലും നിയമത്തിന് മുന്നിലെത്തിക്കുമെന്നും പിണറായി വിജയന്‍ ഉറപ്പ് നല്‍കി. സർക്കാർ റിപ്പോർട്ട് പുറത്തു വിടാന്‍ കാലതാമസം വരുത്തിയെന്ന് ആരോപണങ്ങള്‍ ഉയർന്നിരുന്നു. നാലര വർഷത്തിനു ശേഷമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ ഒരു സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചത്. സിനിമ മേഖലയില്‍ ഗൗരവതരമായ വിഷയങ്ങള്‍ ഉയർന്നു വന്നപ്പോഴാണ് സമിതിയെ നിയോഗിച്ചതെന്നും ശുപാർശകളെ അതീവ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നും പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശുപാർശകളില്‍ ഉടൻ പരിഹാരം കാണേണ്ട വിഷയങ്ങള്‍ക്ക് ആദ്യ ഘട്ടത്തിൽ പരിഗണന നൽകി. ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി ആദ്യ നടപടി സ്വീകരിച്ചു. ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന ശുപാർശ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ നയത്തില്‍ കരട് തയ്യാറാക്കാൻ ഷാജി എൻ കരുണിൻ്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാവരുമായും ചർച്ച നടത്തിയാണ് നയം രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ടില്‍ പരാമർശിക്കുന്ന പ്രധാനപ്പെട്ട ശുപാർശകള്‍ ഒരോന്നിനും മുഖ്യമന്ത്രി വിശദീകരണം നല്‍കി. റിപ്പോർട്ടിലെ പ്രധാനപ്പെട്ട നിർദേശമായിരുന്നു തുല്യ വേതനം. എന്നാല്‍, സിനിമയില്‍ തുല്യവേതനം നടപ്പാക്കാൻ സ്വാഭാവിക പരിമിതിയുണ്ട്. ഇത്തരത്തിലുള്ള അനാവശ്യ മാർഗരേഖകൾ സിനിമക്ക് ഗുണകരമല്ല. സിനിമ മേഖല തന്നെ കുത്തഴിഞ്ഞതാണെന്ന അഭിപ്രായം സർക്കാരിനില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: മാക്ടയെ തകര്‍ത്ത 15 അംഗ പവര്‍ഗ്രൂപ്പില്‍ സംസ്ഥാന മന്ത്രിയും; രൂക്ഷവിമര്‍ശനവുമായി വിനയന്‍
ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടിൽ വനിതയെ കൊണ്ട് സിനിമ ചെയ്യിച്ചത് നേട്ടമായി കാണുന്നുവെന്നും മുഖ്യമന്ത്രി. ചിലർക്കുണ്ടായ തിക്താനുഭവം വെച്ച് 90 വർഷത്തെ മലയാള സിനിമയെ വിലയിരുത്തരുത്. കാനിൽ പോലും മലയാള സിനിമ ചർച്ചയായി. ആകെ ചെളിവാരി എറിയുന്ന ആക്ഷേപം സിനിമയുടെ പുരോഗതിക്ക് ചേരില്ല. എന്നാൽ അനഭലഷണീയമായ പ്രവണതകളോട് യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. സിനിമക്കുള്ളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ പാടില്ല. ലോബിയിങ്ങിൻ്റെ ഭാഗമായി അവസരങ്ങൾ ഇല്ലാതാക്കരുത്. ഫീൽഡ് ഔട്ടാക്കാൻ അധികാരം ഉപയോഗിക്കരുത്. കഴിവ് തന്നെയാകണം മാനദണ്ഡം. തെറ്റായ പ്രവണതകൾ സിനിമയിൽ എത്തുന്നത് സ്വാഭാവികം. ചൂഷകർക്ക് ഒപ്പമല്ല, ചൂഷണത്തിന് വിധേയപ്പെട്ടവർക്ക് ഒപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി അറിയിച്ചു.
വേട്ടക്കാരന് എതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് സർക്കാരിന്‍റെ മുഖമുദ്ര എന്നു പറഞ്ഞ മുഖ്യമന്ത്രി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. റിപ്പോർട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങളുണ്ട്. പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിരുന്നു. രഹസ്യാത്മകമായ വെളിപ്പെടുത്തലാണ് തനിക്ക് മുമ്പാകെ സ്ത്രീകൾ നടത്തിയത് അതുകൊണ്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
റിപ്പോർട്ടിന്മേല്‍ സർക്കാരിന്‍റെ നയവും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന് ഒരൊറ്റ നയമേ ഉള്ളൂ. റിപ്പോർട്ട് പുറത്തുവരുന്നത് സർക്കാരിന് എതിർപ്പുള്ള കാര്യമല്ല. മൊഴികൾ അതീവ രഹസ്യ സ്വഭാവമുള്ളത്. സാക്ഷികൾ മൊഴി നൽകിയത് പുറത്തു വരില്ലെന്ന വിശ്വാസം കൊണ്ടാണ്. ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിൻ്റെ അനിവാര്യത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് ചെയ്യാൻ കഴിയുന്നത് ചെയ്തു. സിനിമാ മേഖലയിലെ നിയമവിരുദ്ധ സ്ത്രീ വിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും. അതിനുള്ള നിശ്ചയദാർഢ്യമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
റിപ്പോർട്ടിലെ കണ്ടെത്തലുകളില്‍ കേസെടുത്ത് അന്വേഷിക്കാൻ സർക്കാർ ശുപാർശ ചെയ്തിട്ടില്ല. മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡന പരാതികളിൽ കേസെടുക്കാൻ പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. പരാതി ലഭിച്ച കേസുകളിൽ മുഖം നോക്കാതെ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.