മുതലപ്പൊഴിയില്‍ അനിയന്ത്രിതമായി അടിഞ്ഞ മണൽ നീക്കാമെന്ന് സർക്കാർ; സമരം താത്കാലികമായി അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികൾ

വാക്ക് പാലിക്കപ്പെട്ടില്ലെങ്കിൽ മുതലപ്പൊഴി മുതൽ സെക്രട്ടറിയേറ്റ് വരെ റോഡ് ഉപരോധിക്കുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.
മുതലപ്പൊഴിയില്‍ അനിയന്ത്രിതമായി അടിഞ്ഞ മണൽ നീക്കാമെന്ന് സർക്കാർ; സമരം താത്കാലികമായി അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികൾ
Published on

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. പ്രദേശത്ത് അനിയന്ത്രിതമായി അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന സർക്കാർ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.  ഡ്രഡ്ജർ എത്തിച്ച് നാല് ദിവസത്തിനുള്ളിൽ മണൽ നീക്കം ആരംഭിക്കുമെന്ന് ഫിഷറീസ് സ്പെഷ്യൽ സെക്രട്ടറി ഉറപ്പു നൽകി. വാക്ക് പാലിക്കപ്പെട്ടില്ലെങ്കിൽ മുതലപ്പൊഴി മുതൽ സെക്രട്ടറിയേറ്റ് വരെ റോഡ് ഉപരോധിക്കുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.

മുതലപ്പൊഴി അഴിമുഖത്ത് വലിയ രീതിയിൽ മണൽ അടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിനായി കടലിലേക്ക് ഇറങ്ങാൻ കഴിയാതെയായി. മണൽ നീക്കൽ നടപടി വൈകിയതോടെയാണ് മുതലപ്പൊഴി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. അഞ്ചുതെങ്ങ് - പെരുമാതുറ റോഡ് വടം കെട്ടി സമരക്കാർ വാഹനങ്ങൾ തടഞ്ഞു.

മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി മുതലപ്പൊഴിയിലെത്തി സമരക്കാരുമായി ചർച്ച നടത്തി. ആദ്യം ചേറ്റുവയിൽ നിന്നും പിന്നീട് തൂത്തുക്കുടി നിന്നും ഡ്രഡ്ജർ എത്തിക്കും. നാല് ദിവസത്തിനുള്ളിൽ മണൽ നീക്കം ആരംഭിക്കാമെന്നും സ്പെഷ്യൽ സെക്രട്ടറിയുടെ ഉറപ്പ്.

തുടർന്ന് സമരസമിതി മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിച്ചാണ് താത്കാലികമായി സമരം അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ നൽകിയ വാഗ്ദാനത്തിൽ തീരുമാനം ആയില്ലെങ്കിൽ മുതലപ്പൊഴി മുതൽ സെക്രട്ടറിയേറ്റ് വരെ ഹൈവേ ഉപരോധിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com