സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണറും വീണ്ടും തുറന്ന പോരിലേക്ക്. ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിൻ്റെ നീക്കം. എന്നാൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിസിമാരെ നിയമിച്ചതെന്നാണ് ഗവർണറുടെ വിശദീകരണം.
സർക്കാർ നൽകിയ പാനലിൽ നിന്ന് വേണം വിസിമാരെ നിയമിക്കാനെന്ന ഹൈക്കോടതി വിധിയാണ് ഗവർണർ മറികടന്നതെന്നാണ് സർക്കാരിൻ്റെ വാദം. സർവകലാശാലാ ആക്ട് ലംഘിച്ചാണ് ഡിജിറ്റൽ സർവകലാശാലയിൽ സിസാ തോമസിനേയും, കെടിയുവിൽ കെ. ശിവപ്രസാദിനേയും നിയമിച്ചതെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
ALSO READ: സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടി സർക്കാർ ജീവനക്കാർ; കർശന നടപടിക്ക് സർക്കാർ
ഗവർണറുടേത് സംഘപരിവാറിന് വേണ്ടിയുള്ള നടപടികളാണെന്ന രാഷ്ട്രീയ വിമർശനത്തിനൊപ്പം നിയമപരമായി കൂടി നീങ്ങാനാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ വിസി നിയമനത്തിൽ പൂർണ അധികാരം തനിക്കെന്നാണ് ഹൈക്കോടതി വിധി എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യാഖ്യാനിക്കുന്നത്.
പ്രതിഷേധങ്ങൾക്കിടെ സിസാ തോമസും, കെ. ശിവപ്രസാദും സർവകലാശാലകളിൽ എത്തി വിസിയായി ചുമതലയേറ്റു. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണത്തിലാണ് ശിവപ്രസാദ് ചുമതലയേറ്റത്. ഗവർണറുടെ ഉത്തരവ് പാലിച്ചാണ് ചുമതല ഏറ്റെടുക്കുന്നതെന്നാണ് വിസിമാരുടെ പ്രതികരണം.