
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഗവർണർ രാഷ്ട്രപതിക്ക് ഉടൻ റിപ്പോർട്ട് നൽകിയേക്കും. ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നൽകുന്നതുവരെ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കാനാണ് ഗവർണറുടെ നീക്കം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരായ തുടർനടപടി സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്.
ALSO READ: സംഘപരിവാറിനു വേണ്ടി സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്നു; ഗവർണർക്കെതിരെ പോര് കടുപ്പിച്ച് സിപിഎം
മുഖ്യമന്ത്രി പിണറായി വിജയൻ ചിലത് ഒളിച്ചുവയ്ക്കുന്നതിൻ്റെ ഭാഗമായാണ് മറുപടി നൽകാത്തതെന്നാണ് ഗവർണറുടെ ആരോപണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവർണർ കത്ത് നൽകിയിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള നീക്കം ഗവർണറുടെ നീക്കം തെറ്റാണെന്നായിരുന്നു സർക്കാരിൻ്റെ നിരീക്ഷണം.
ALSO READ: 'കത്ത് പോര്' തുടര്‍ന്ന് ഗവര്‍ണര്‍ ; കസ്റ്റംസിന് വീഴ്ച ഉണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ അറിയിക്കണമായിരുന്നു
താൻ അയച്ച കത്തിന് 20 ദിവസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും സമയത്ത് മറുപടി ലഭിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ചോദിച്ചതെന്ന് ഗവർണർ പറഞ്ഞിരുന്നു. രാഷ്ട്രപതിയെ കാര്യങ്ങൾ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ഇതിനു വേണ്ടിയാണ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ തേടിയത്. ഉദ്യോഗസ്ഥർ നേരത്തെയും തന്നെ വന്നു കണ്ടിട്ടുണ്ട്. സംസ്ഥാനത്തെ ഭരണനിർവഹണ കാര്യങ്ങൾ മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും ഗവർണര്‍ കത്തിലൂടെ കുറ്റപ്പെടുത്തി.