മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഐഎഎസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
Published on


മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കുറ്റം തെൡയിക്കാനായില്ലെന്ന റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള നടപടി.

ഐഎഎസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് 'മല്ലു ഹിന്ദു' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് കെ. ഗോപാലകൃഷ്ണന് എതിരായ ആരോപണം. ഒക്ടോബര്‍ 31നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

ഇതിന് പിന്നാലെ തന്നെ ഐഎഎസ് ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നത് ശരിയല്ലെന്ന് വിമര്‍ശനം ഉയരുകയും പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമാവുകയും ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളിക്കൊണ്ട് നേരത്തെ പൊലീസ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഹാക്ക് ചെയ്‌തെന്ന് കാണിച്ച് പരാതി നല്‍കിയപ്പോള്‍ ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ കൈമാറാന്‍ ഗോപാലകൃഷ്ണന്‍ തയ്യാറായിരുന്നില്ല. ആദ്യഘട്ടത്തില്‍ മറ്റൊരു ഫോണ്‍ നല്‍കുകയും ചെയ്തിരുന്നു. ഈ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് ഇതില്‍ നിന്നല്ലെന്ന് വ്യക്തമായെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ ഹാജരാക്കിയത് മൂന്ന് തവണ ഫോര്‍മാറ്റ് ആക്കിയ ശേഷമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഐഎഎസ് തലത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചുവെന്ന് കാണിച്ചാണ് കെ. ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നത്. കെ. ഗോപാലകൃഷ്ണന്‍ സിവില്‍ സര്‍വീസ് തലത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു എന്നുമാണ് ഉത്തരവിലുണ്ടായിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com