അതിന് മുമ്പ് 1987ലും 1990ലും സാക്ഷാൽ ഡീഗോ മറഡോണയുടെ കേളീമികവിൻ്റെ കരുത്തിലായിരുന്നു നാപോളി ആദ്യ രണ്ട് സീരി എ കിരീടങ്ങളിലും മുത്തമിട്ടത്.
ഗ്രാസി (grazie) എന്നാൽ ഇറ്റാലിയൻ ഭാഷയിൽ 'നന്ദി' എന്നാണ് അർഥം. അർജൻ്റീനൻ ഇതിഹാസം മറഡോണയുടെ പേരിലുള്ള നേപ്പിൾസിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കിയാണ് ശനിയാഴ്ച രാത്രി അൻ്റോണിയോ കോണ്ടെയുടെ നാപ്പോളി ജേതാക്കളായത്. നാപോളിയുടെ നാലാമത് സിരീ എ കിരീടമാണിത്. 2023ലും അവർ ജേതാക്കളായിരുന്നു. അതിന് മുമ്പ് 1987ലും 1990ലും സാക്ഷാൽ ഡീഗോ മറഡോണയുടെ കേളീമികവിൻ്റെ കരുത്തിലായിരുന്നു നാപോളി ആദ്യ രണ്ട് സീരി എ കിരീടങ്ങളിലും മുത്തമിട്ടത്.
മറഡോണയുടെ പ്രതാപകാലം അസ്തമിച്ചതിന് ശേഷം 23 വർഷങ്ങൾക്കിപ്പുറമാണ് ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിലേക്ക് ആകാശനീല കുപ്പായക്കാർ ലീഗ് കിരീടമെത്തിച്ചത്. 2023ൽ വിക്ടർ ഒസിംഹെൻ, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ എന്നിവരുടെ തകർപ്പൻ പ്രകടന മികവിലായിരുന്നു നാപോളി വീണ്ടും കപ്പടിച്ചത്. 2022-23 സീസണിൽ ലൂസിയാനോ സ്പാലെറ്റി ആയിരുന്നു നാപോളിയുടെ പരിശീലകൻ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025ൽ വീണ്ടും നാപോളി വീണ്ടും ഇറ്റാലിയൻ ലീഗ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്.
മൂന്ന് സീരി എ കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ പരിശീലകനായി ചരിത്രമെഴുതിയിരിക്കുകയാണ് ഇറ്റലിക്കാരനായ അൻ്റോണിയോ കോണ്ടെ. 55ാം വയസിലാണ് ഈ ചരിത്രനേട്ടത്തിലേക്ക് അദ്ദേഹം കടന്നെത്തിയത്. നേരത്തെ യുവൻ്റസിനും ഇൻ്റർ മിലാനുമൊപ്പം ഇറ്റാലിയൻ ലീഗ് കിരീടം നേടിയ മുൻകാല ചരിത്രമുണ്ട് കോണ്ടെയ്ക്ക്. കൂടാതെ ചെൽസിക്ക് പ്രീമിയർ ലീഗ് കിരീടവും സമ്മാനിച്ചിട്ടുണ്ട്.
സ്കോട്ട് മക്ടോമിനേയും (42) റൊമേലു ലുക്കാക്കുവും (51) ഗോൾവേട്ട നടത്തിയ രാവിൽ, ഇൻ്റർ മിലാനെ ഒരു പോയിൻ്റിൻ്റെ നേരിയ മാർജിനിൽ മറികടന്ന് സീരി എ ലീഗിൽ നാപോളി കിരീടത്തിൽ മുത്തമിട്ടത്. പരിശീലകനെന്ന നിലയിൽ കോണ്ടെയുടെ ആറാമത്തെ ലീഗ് കിരീടനേട്ടം കൂടിയായിരുന്നു ഇത്. ആകെ എട്ട് സീസണുകളിൽ മാത്രമാണ് അദ്ദേഹം ടീമുകളെ പരിശീലിപ്പിച്ചത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.
ഇൻ്റർ മിലാൻ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും നാപോളിയുടെ പട്ടാഭിഷേകം രാജകീയമായായിരുന്നു. ശനിയാഴ്ച അർധരാത്രി 12.30ന് ആരംഭിച്ച മത്സരങ്ങളിൽ നാപോളി കാലിഗാരിയെ 2-0ന് വീഴ്ത്തിയപ്പോൾ, കോമോയെ ഇതേ മാർജിനിൽ തന്നെ വീഴ്ത്താൻ ഇൻ്റർമിലാന് കഴിഞ്ഞു. അതോടെ 38 മത്സരങ്ങളിൽ നിന്ന് 82 പോയിൻ്റുമായി നാപോളി ഒന്നാമതെത്തി ലീഗ് കിരീടം ചൂടി. വെറും ഒരു പോയിൻ്റ് വ്യത്യാസത്തിലാണ് ഇൻ്റർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അറ്റ്ലാൻ്റ 74, യുവൻ്റസ് 67, റോമ 66 എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
"കിരീട നേട്ടത്തിൽ എല്ലാവരും അവരവരുടേതായ സംഭാവന നൽകി. പക്ഷേ എല്ലാറ്റിനുമുപരിയായി കോച്ച് കോണ്ടെയുടെ സേവനം എടുത്തുപറയേണ്ടതാണ്. നാപോളിയെ വീണ്ടും കിരീടത്തിലെത്തിക്കുന്നതിന് അദ്ദേഹത്തിൻ്റെ സേവനം അത്യാവശ്യമായിരുന്നു. അദ്ദേഹം വേറെ ലെവലാണ്," നാപോളി ക്യാപ്റ്റൻ ജിയോവന്നി ഡി ലോറെൻസോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പത്താം സ്ഥാനക്കാരായിരുന്ന നാപ്പോളി ഇത്തവണ വീണ്ടും കിരീടം ചൂടുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഒരാളൊഴികെ. കോച്ച് അൻ്റോണിയോ കോണ്ടെയാണ് അത്. "വീണ്ടും കിരീടനേട്ടം സംഭവിച്ചു, അത് അതിശയകരമാണ്... ഇത്തവണത്തെ കിരീടനേട്ടം ഏറെ പ്രയാസകരമായിരുന്നു. വലിയ വെല്ലുവിളികളാണ് നേരിട്ടത്. ഞങ്ങൾക്ക് വളരെ മികച്ച ഒരു സീസണായിരുന്നു ഇത്. ഈ മികവ് പുറത്തെടുത്ത കളിക്കാർക്ക് നന്ദി, പ്രത്യേകിച്ച് രണ്ട് വർഷം മുമ്പ് ലീഗ് കിരീടം നേടിയവർക്ക്," കോച്ച് അൻ്റോണിയോ കോണ്ടെ പറഞ്ഞു.
"ശനിയാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി ഗ്രൌണ്ടിലെത്തുമ്പോൾ സ്റ്റേഡിയം പതിവിലേറെ തിങ്ങിനിറഞ്ഞിരുന്നു. അവരെത്ര പേർ കാണുമെന്ന് എനിക്കറിയില്ല. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ സ്റ്റേഡിയത്തിന് അകത്തേക്ക് കയറിപ്പറ്റിയത്. ഈ ആരാധകരെ നിരാശപ്പെടുത്തിയാൽ അത് മറക്കാനാവാത്ത ഒരോർമ്മയായി ശേഷിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു," കോണ്ടെ പറഞ്ഞു.
നാപ്പോളിയുടെ ഈ ജയത്തിൻ്റെ ക്രെഡിറ്റ് മറ്റു രണ്ടുപേർക്ക് കൂടി അവകാശപ്പെടാവുന്നതാണ്. ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനും സ്കോട്ട് മക്ടോമിനേക്കും. സീസണിൽ 14 ഗോളുകളും 10 അസിസ്റ്റുകളുമാണ് ലുക്കാക്കു നേടിയത്. 12 ഗോളുകളുമായി സ്കോട്ട് മക്ടോമിനെ നിർണായക സാന്നിധ്യമായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നാപ്പോളിയിലേക്ക് വന്നതിൽ പിന്നെ തകർപ്പൻ ഫോമിലാണ് ഇരുവരും. ലുക്കാക്കു ഇതിനിടയിൽ ലോണിൽ ഇൻ്റർ മിലാനായും കളിച്ചിരുന്നു.