എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യനായ ബുള്‍ഡോസര്‍ അഥവാ ഹരിയാന തെരഞ്ഞെടുപ്പിലെ 'ക്രൗഡ് പുള്ളര്‍'

നൂഹില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍, നിരത്തിലെങ്ങും ബുള്‍ഡോസറുണ്ട്, അതിലേറിയാണ് യുവാക്കളുടെ പ്രചരണം.
എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യനായ ബുള്‍ഡോസര്‍ അഥവാ ഹരിയാന തെരഞ്ഞെടുപ്പിലെ 'ക്രൗഡ് പുള്ളര്‍'
Published on



കൊച്ചുകുട്ടികള്‍ വളരെ കൗതുകത്തോടെ നോക്കുന്ന, ഉത്സവപ്പറമ്പുകളില്‍നിന്ന് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കളിപ്പാട്ടം. നിരുപദ്രവകാരിയായ ജെസിബിക്കും ബുള്‍ഡോസറിനും അത്തരമൊരു വിശേഷണമുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് അത് അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ ചിഹ്നമായി മാറിയത്. എതിര്‍പ്പുകള്‍ക്കെതിരായ പൊളിച്ചടുക്കലുകളിലൂടെ 'ബുള്‍ഡോസര്‍ രാജ്' എന്ന പ്രയോഗം പോലും ഉണ്ടായി. അതിന്റെ രാഷ്ട്രീയത്തോട് വിയോജിച്ചവര്‍ എതിര്‍പ്പുകളുമായി രംഗത്തെത്തി. സുപ്രീം കോടതി വരെ ആ വിഷയം ചര്‍ച്ച ചെയ്തു. പക്ഷേ, ഇവിടെ അതല്ല പറയുന്നത്. ഇത് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ബുള്‍ഡോസര്‍ സാന്നിധ്യത്തെക്കുറിച്ചാണ്. പൊളിച്ചടുക്കല്‍ ഉപകരണമായിട്ടല്ല, പകരം എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യനായാണ് ബുള്‍ഡോസര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

മുസ്ലീങ്ങള്‍ കൂടുതലുള്ള ഹരിയാനയിലെ നൂഹ് ജില്ലയില്‍, ഒരു വര്‍ഷം മുമ്പുണ്ടായ വര്‍ഗീയ കലാപത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമം സമീപപ്രദേശമായ ഗുരുഗ്രാമിലേക്കും വ്യാപിച്ചിരുന്നു. അവിടെ മുസ്ലീം പള്ളി ആക്രമിക്കപ്പെടുകയും, ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നാലെ, നുഹില്‍ ബിജെപി സര്‍ക്കാര്‍ പൊളിച്ചടുക്കല്‍ യജ്ഞം നടത്തി. 'വംശീയ ഉന്മൂലനം' എന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സകല ആരോപണങ്ങളും നിഷേധിച്ചു. പിന്നാലെ 'ബുൾഡോസർ നീതി', 'ബുൾഡോസർ രാഷ്ട്രീയം', 'ബുൾഡോസർ രാജ്' എന്നിങ്ങനെ പ്രയോഗങ്ങള്‍ വാര്‍ത്തകളിലെല്ലാം നിറഞ്ഞിരുന്നു. എന്നാല്‍ നൂഹില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍, നിരത്തിലെങ്ങും ബുള്‍ഡോസറുണ്ട്. അതിലേറിയാണ് യുവാക്കളുടെ പ്രചരണം. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നുണ്ട്. അതിന് അവര്‍ക്ക് പറയാന്‍ കാരണങ്ങളുമുണ്ട്.

സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സൂചിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുൾഡോസർ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അനുയായികളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. "കഴിഞ്ഞ വർഷം നടന്ന അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ളവരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പക്ഷേ, പ്രദേശവാസികളാണ് മോശമായി ചിത്രീകരിക്കപ്പെട്ടത്. ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായുമല്ല ബുൾഡോസറുകൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ പൊളിക്കൽ യജ്ഞത്തിനിടെ പലരുടെയും വീടുകളോ ഉപജീവനോപാധികളോ നശിപ്പിച്ച നടപടിയെയാണ് ബുള്‍ഡോസര്‍ പ്രതിനിധീകരിക്കുന്നത്. പക്ഷേ, ഇപ്പോഴിത് സൗഹാര്‍ദത്തിന്റെ സന്ദേശം മാത്രമാണ്. ബുൾഡോസറുകൾ ക്രൗഡ് പുള്ളറുകളാണ്"-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതിനെ നെഗറ്റീവായി കാണരുതെന്നാണ് ബിജെപി പ്രവര്‍ത്തകരിലൊരാളും പിടിഐയോട് പ്രതികരിച്ചത്. കഴിഞ്ഞ വർഷം ബുൾഡോസർ നടപടി ഉണ്ടായത് അനധികൃത കെട്ടിടങ്ങൾക്കെതിരെ മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നതു പോലെ ബുൾഡോസറുകളും ഉപയോഗിക്കുന്നു. അവ ജനക്കൂട്ടത്തെ കൂടുതലായി ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, ഇതൊക്കെ പുരുഷന്മാരുടെ 'പ്രകടനം' മാത്രമാണെന്നാണ് സ്ത്രീകളുടെ പ്രതികരണം. പുരുഷന്മാരാണ് കൂടുതലായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നത്. സ്ത്രീകള്‍ വീടിനുള്ളില്‍ നിന്നോ, ജനാലകള്‍ വഴിയോ മാത്രമാണ് ഇതൊക്കെ നോക്കിക്കാണുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2005ലാണ് നൂഹ് പ്രത്യേക ജില്ലയാകുന്നത്. നൂഹ്, ഫിറോസ്‌പൂർ ജിർക്ക, പുൻഹാന എന്നിങ്ങനെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ ജില്ലയില്‍ ഉള്‍പ്പെടുന്നു. പ്രതിപക്ഷ ഉപനേതാവ് കൂടിയായ അഫ്താബ് അഹമ്മദാണ് കോണ്‍ഗ്രസിനുവേണ്ടി നൂഹില്‍നിന്ന് വീണ്ടും മത്സരിക്കുന്നത്. ബിജെപിയുടെ സഞ്ജയ് സിംഗ്, ഐഎൻഎൽഡിയുടെ താഹിർ ഹുസൈൻ എന്നിവരാണ് എതിരാളികള്‍. മണ്ഡലത്തെ മൂന്നുതവണ പ്രതിനിധീകരിച്ചിട്ടുള്ള, ഹരിയാന വഖഫ് ബോർഡ് ചെയർപേഴ്സണ്‍ കൂടിയായ സക്കീർ ഹുസൈൻ്റെ മകനാണ് താഹിർ. അടുത്തിടെയാണ് അദ്ദേഹം ഐഎൻഎൽഡിയിൽ ചേർന്നത്. അതേസമയം, നൂഹിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സോഹ്‌ന മണ്ഡലത്തിലെ നിലവിലെ എംഎൽഎയാണ് സഞ്ജയ് സിംഗ്. നൂഹില്‍ ബിജെപി ജയിച്ച ചരിത്രമില്ല. കാലങ്ങളായി കോൺഗ്രസിനെയും, ഐഎൻഎൽഡിയെയുമാണ് നൂഹിലെ ജനത പിന്തുണച്ചുപോരുന്നത്. മുസ്ലീം ഭൂരിപക്ഷ ജില്ലയിൽ ബിജെപി മുസ്ലീം സ്ഥാനാര്‍ഥിയെ നിർത്തിയിട്ടില്ലാത്ത ഏക മണ്ഡലം കൂടിയാണ് നൂഹ്. ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ ഒക്ടോബർ എട്ടിനും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com