Haryana Assembly Election 2024 Live Updates: ഹരിയാനയിൽ വാശിയേറിയ പോരാട്ടം, 5 മണി വരെ 60 % പോളിങ്

ഒരു ദശാബ്ദത്തിന് ശേഷം സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി ഹാട്രിക്കിലാണ് നോട്ടമിടുന്നത്
Haryana Assembly Election 2024 Live Updates: ഹരിയാനയിൽ വാശിയേറിയ പോരാട്ടം, 5 മണി വരെ 60 % പോളിങ്
Published on

Haryana Assembly Election 2024 Live Updates: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.  അഞ്ച് മണി വരെ 60% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഒരു ദശാബ്ദത്തിന് ശേഷം സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി ഹാട്രിക്കിലാണ് നോട്ടമിടുന്നത്.

ആം ആദ്മി പാർട്ടി (എഎപി), ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ജനനായക് ജനതാ പാർട്ടി (ജെജെപി), ആസാദ് സമാജ് പാർട്ടി (എഎസ്പി) എന്നിവയാണ് മറ്റ് പ്രധാന എതിരാളികൾ. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നേറിയത്. അയോധ്യ ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിലും തീരുമാനമെടുക്കാതെ കോൺഗ്രസ് രാജ്യത്തെ കുരുക്കിവലിച്ച് മുന്നോട്ടു പോവുകയായിരുന്നു എന്നാണ് ബിജെപി വിമർശനം.

ബിഹാറിൽ കോൺഗ്രസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പ്രചരണ യോഗങ്ങളിൽ പറഞ്ഞത്. കോൺഗ്രസ് സംസ്ഥാനത്ത് സ്നേഹത്തിൻ്റെ കട തുറക്കുമെന്നും, ഞങ്ങളുടെ സർക്കാർ കർഷകർക്കും സാധാരണക്കാർക്കും ഒപ്പമായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ഹരിയാനയിൽ കോൺഗ്രസ് സർക്കാർ വരും, ബിജെപി പോവും" എന്നായിരുന്നു മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ആദ്യ പ്രതികരണം.

ഒളിംപിക് താരം വിനേഷ് ഫോഗട്ട് ഉൾപ്പെടെ മത്സര രംഗത്ത് ഉണ്ടെന്നതാണ് ഇത്തവണത്തെ സവിശേഷത. കോൺഗ്രസ് സ്ഥാനാർഥിയായി ജുലാന നിയോജക മണ്ഡലത്തിൽ നിന്നാണ് വിനേഷ് മത്സരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീ സുരക്ഷയ്ക്കും ദാരിദ്ര്യ നിർമാർജനത്തിനുമാണ് താൻ മുൻതൂക്കം നൽകുകയെന്ന് വിനേഷ് ഫോഗട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞു. സർക്കാർ വലിയ ജനവിധിയോടെ വിജയം നേടുമെന്നും മുഖ്യമന്ത്രി പ്രതീക്ഷകൾ പങ്കുവെച്ചു.

അതേസമയം, പോളിങ്ങിനിടെ പലയിടത്തായി അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. നുഹിൽ കോൺഗ്രസ്, സ്വതന്ത്ര സ്ഥാനാർഥികളുടെ അണികൾ തമ്മിലേറ്റു മുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തി. മെഹം നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയേയും അണികളേയും കോൺഗ്രസ് എംഎൽഎ ആനന്ദ് സിംഗ് ദാംഗിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതായും പരാതി ഉയർന്നു.

90 മണ്ഡലങ്ങളിലായി 20,632 പോളിങ് ബൂത്തുകളാണ് ഹരിയാനയിൽ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് കോടിയിലേറെ വോട്ടർമാർ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 101 സ്ത്രീകളടക്കം 1031 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി നയാബ് സിങ്, മന്ത്രി അനിൽ വിജ്, വിനേഷ് ഫോഗട്ട്, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവരാണ് ഇത്തവണ ജനവിധി തേടുന്ന പ്രമുഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com