
വിനേഷ് ഫോഗട്ടിനും ബജ്‌റംഗ് പൂനിയക്കുമെതിരായ പ്രസ്താവനകളിൽ ബ്രിജ് ഭൂഷൺ സിങ്ങിന് താക്കീതുമായി ബിജെപി. ഇരുവരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തരുതെന്ന് ബിജെപി നിർദേശം നൽകി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളെ സിങ് വിമർശിച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വം ഇടപെട്ടത്.
തനിക്കെതിരായ ലൈംഗികാതിക്രമണ ആരോപണങ്ങളിൽ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്നതിന് തെളിവാണ്, ഗുസ്തിയിൽ നിന്ന് വിരമിച്ച വിനേഷ് ഫോഗട്ടൻ്റെയും ബജ്‌റംഗ് പൂനിയയുടെയും കോൺഗ്രസ് പ്രവേശനമെന്ന് ബ്രിജ് ഭൂഷൻ വിമർശനം ഉന്നയിച്ചിരുന്നു. ഫോഗട്ടും പൂനിയയും ഗുസ്തിയിൽ പേരെടുത്തവരാണെന്നും എന്നാൽ കോൺഗ്രസിൽ ചേർന്നാൽ അവരുടെ പേര് ഇല്ലാതാകുമെന്നും സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഹരിയാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഇരുവരും കരുതുന്നുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്. ഹരിയാനയിലെ ഏതൊരു ബിജെപി സ്ഥാനാർഥിക്കും അവരെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും ബ്രിജ് ഭൂഷൺ വിമർശിച്ചിരുന്നു. ഈ പ്രസ്താവനകൾക്ക് പിന്നാലെയാണ് കായികതാരങ്ങളായിരുന്ന ഇരുവർക്കുമെതിരെ വ്യക്തിപരമായ പരാമർശം പാടില്ലെന്ന് ബിജെപി സിങ്ങിനെ ഉപദേശിച്ചത്. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്നാണ് വിനേഷ് ഫോഗട്ട് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ബജ്‌റംഗ് പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസ് മേധാവിയായും കോണ്‍ഗ്രസ് നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്. . ഇതിന് പിന്നാലെയാണ് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ പ്രതികരണവുമായി രംഗത്ത് എത്തിയത്.