എത്രയും പെട്ടന്ന് ചെയ്താല്‍ നല്ലത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കുമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബിജെപി. കെജ്‌രിവാള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാന പ്രതികരിച്ചു. രാജിവെക്കാനാണെങ്കില്‍ എന്തിന് 48 മണിക്കൂര്‍ കാത്തിരിക്കണം, ഇന്ന് തന്നെ ചെയ്യട്ടേയെന്നും ബിജെപി നേതാവ് പറഞ്ഞു.
ഇതിനു മുമ്പും കെജ്‌രിവാള്‍ ഈ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. ബിജെപി എപ്പോഴും തെരഞ്ഞെടുപ്പിന് സജ്ജമാണ്. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് നടത്താം. സെക്രട്ടറിയേറ്റില്‍ പോകാനോ ഒപ്പിടാനോ കഴിയാത്ത മുഖ്യമന്ത്രിയെ എന്തിനാണെന്ന് ഡല്‍ഹിയിലെ ജനങ്ങളും ചോദിക്കുന്നുണ്ട്. 25 വര്‍ഷത്തിനു ശേഷം ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തും. ഖുറാന പറഞ്ഞു.
Also Read: "ജനവിധി വരുന്നത് വരെ ആ കസേരയിൽ ഇരിക്കില്ല"; രാജി പ്രഖ്യാപിച്ച് കെജ്‌രിവാൾ
അതേസമയം, കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എത്രയും പെട്ടന്ന് ചെയ്താല്‍ നല്ലത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഡല്‍ഹിയില്‍ കുടിവെള്ള പ്രശ്‌നവും പ്രളയവും ഉണ്ടായ സമയത്ത് അദ്ദേഹം രാജിവെച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്ന് ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്ര യാദവ് പറഞ്ഞു. ഓഫീസില്‍ പോകാനോ ഫയലുകളില്‍ ഒപ്പിടാനോ കഴിയുന്ന ഒരു മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: "ഇത് കെജ്‌രിവാളിൻ്റെ അഗ്നിപരീക്ഷ"; മുഖ്യമന്ത്രിയുടെ രാജിയിൽ പ്രതികരണവുമായി രാഘവ് ഛദ്ദ
അപ്രതീക്ഷിതമായിട്ടായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് ആറ് മാസത്തെ ജയില്‍വാസത്തിനു ശേഷം കെജ്‌രിവാള്‍ പുറത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ നടന്ന പൊതുയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം. 48 മണിക്കൂറിനകം സ്ഥാനമൊഴിയുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.