ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; വിദ്യാർഥികളുടെ കൊലവിളി സന്ദേശം പുറത്ത്

കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാർഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്
ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; വിദ്യാർഥികളുടെ കൊലവിളി സന്ദേശം പുറത്ത്
Published on

കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചതിന് പിന്നാലെ വിദ്യാർഥികൾ നടത്തിയ കൊലവിളി സന്ദേശം പുറത്ത്. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്,കണ്ണൊന്നും ഇല്ല, എന്നാണ് വിദ്യാർഥികൾ സന്ദേശമയച്ചിരിക്കുന്നത്. വിദ്യാർഥികൾ ക്യത്യമായി ആസൂത്രണം ചെയ്താണ് കുററകൃത്യം നടപ്പിലാക്കിയത്  എന്നാണ് ഇത്തരം തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. 

ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥികൾ ഷഹബാസിനെ കൊല്ലാനുള്ള ആസൂത്രണം നടത്തിയത് എന്നാണ് ഇത്തരം തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാർഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്. അവൻ ഇങ്ങോട്ടാണ് വന്നത് കേസൊന്നും എടുക്കില്ലെന്നും, രണ്ട് ദിവസം കഴിയട്ടെയെന്നും വിദ്യാർഥികൾ പറയുന്നു. സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.



ഫെയർവെൽ പാർട്ടിയിൽ കപ്പിൾ ഡാൻസ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചു പോകുകയും, മറ്റുള്ള വിദ്യാർഥികൾ കൂവുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കും വിദ്യാർഥിയുടെ മരണത്തിലേക്കും എത്തിയത്. വിദ്യാർഥികൾ പരസ്പരം തർക്കത്തിലേർപ്പെടുന്നതും, അത് ഒത്തുത്തീർപ്പാകുന്നതും സർവസാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ സമീപകാലത്ത് ആദ്യമായാണ് ഡാൻസിനിടെ പാട്ട് നിലച്ചുപോയതിന് കളിയാക്കിയതിൻ്റെ പേരിൽ വിദ്യാർഥിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് ഷഹബാസിൻ്റെ മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് സ്ഥിരീകരിച്ചത്. 



ട്യൂഷൻ സെൻ്ററിലെ പ്രശ്നം അധ്യാപകർ ഒത്തുത്തീർപ്പാക്കി വിട്ടയച്ചിരുന്നെങ്കിലും, വിദ്യാർഥികൾ ഇതൊരു പകയായി മനസിൽ കൊണ്ടുനടക്കുകയായിരുന്നു എന്നാണ് ഷഹബാസിൻ്റെ മരണത്തിൽ നിന്നും വ്യക്തമാകുന്നത്. ഇന്നലെ ഉച്ചയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവം പുറത്തുവരുന്നത്. സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിൽ പിന്നെയാണ് ഇതിൻ്റെ ഗൗരവം എത്രത്തോളമാണെന്ന് മനസിലാകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com