'മാനവികതയ്ക്കെതിരായ ക്രൂരകൃത്യം; അപമാനത്താല്‍ ഞങ്ങളുടെ തല താഴുന്നു': പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കശ്മീര്‍ ജനത

"എന്താണ് അവര്‍ ചെയ്ത തെറ്റ്? അവര്‍ യാത്രയുടെ ഭാഗമായി ഇവിടെ വന്നവരാണ്. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ ചിന്തിക്കുന്നത്"
'മാനവികതയ്ക്കെതിരായ ക്രൂരകൃത്യം; അപമാനത്താല്‍ ഞങ്ങളുടെ തല താഴുന്നു': പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കശ്മീര്‍ ജനത
Published on



മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി കശ്മീര്‍ സമ്പൂര്‍ണമായി അടഞ്ഞുകിടന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നാണ്, രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും, വ്യാപാര സംഘടനകളും സംയുക്തമായി ബന്ദിന് ആഹ്വാനം ചെയ്തത്. എല്ലാവരും കടകളും മറ്റു സ്ഥാപനങ്ങളും അടച്ചിടണമെന്ന അഭ്യര്‍ഥന മോസ്കുകളിലെ ഉച്ചഭാഷിണികളില്‍നിന്ന് വന്നുകൊണ്ടിരുന്നു. കശ്മീര്‍ ജനത അത് കേട്ടു. അങ്ങനെ, തെരുവുകളില്‍ പ്രതിഷേധം ഉരുവംകൊണ്ടു. ഭീകരവാദത്തെ അപലപിച്ചുകൊണ്ട് ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങി. താഴ്‌വരയില്‍ കുടുങ്ങിയ സഞ്ചാരികള്‍ക്ക് തിരികെ പോകുംവരെ സംരക്ഷണം ഒരുക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. സമീപനാളുകളില്‍ താഴ്‌വര കണ്ട ഏറ്റവും കിരാതമായ ആക്രമണത്തില്‍ 28 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുമേറ്റു.

'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്', 'ഞാന്‍ ഇന്ത്യക്കാരന്‍' എന്നിങ്ങനെ മുദ്രാവാക്യങ്ങളുമായാണ് പഹല്‍ഗാമില്‍ കടയുടമകളും ഹോട്ടല്‍ വ്യവസായികളും പ്രതിഷേധ പ്രകടനം നടത്തിയത്. ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനും... ഞങ്ങള്‍ ഒന്നാണ് എന്ന പോസ്റ്ററുകളും ബാനറുകളുമൊക്കെ ഉയര്‍ത്തിയായിരുന്നു പ്രകടനം. പ്രദേശത്ത് കുടുങ്ങിയ സഞ്ചാരികള്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അവര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. 15 ദിവസത്തെ സൗജന്യ താമസം ഉള്‍പ്പെടെ ലഭ്യമാക്കുമെന്നും അവര്‍ വ്യക്തമാക്കി. മാനവികതയ്ക്കെതിരായ കുറ്റകൃത്യം എന്നായിരുന്നു ഹോട്ടല്‍ ഉടമയായ ആസിഫ് ബര്‍സ പ്രതികരിച്ചത്. "ഇത് വിനോദ സഞ്ചാരത്തിനു മാത്രം എതിരായ ഒന്നല്ല. ഇത് സമ്പദ്ഘടനയ്ക്ക് എതിരായ ഒന്നല്ല. അപമാനം കൊണ്ട് ഞങ്ങളുടെ തലകള്‍ താഴുന്നു. എന്താണ് അവര്‍ ചെയ്ത തെറ്റ്? അവര്‍ യാത്രയുടെ ഭാഗമായി ഇവിടെ വന്നവരാണ്. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ ചിന്തിക്കുന്നത്"- ആസിഫ് ബര്‍സ കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തെ ചെറുക്കാനുള്ള സൈനിക നടപടികള്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രതിഷേധത്തിനെത്തിയ ജനത പറഞ്ഞു. ഭീകരാക്രമണത്തോട് സഹിഷ്ണുത കാണിക്കാനാകില്ല. ഞങ്ങളുടെ ഉള്ളിന്റെയുള്ളിലാണ് മുറിവേറ്റിരിക്കുന്നത്. ഞങ്ങള്‍ മനുഷ്യരാണ്. ഇത് കേവലം സമ്പത്തോ, കച്ചവടമോ സംബന്ധിച്ച ഒന്നല്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണം നടന്നതിനു പിന്നാലെ, കശ്മീര്‍ ജനത പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രാത്രിയില്‍ മെഴുകുതിരികള്‍ തെളിച്ചുംകൊണ്ട് തെരുവിലിറങ്ങിയ ജനത, ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.

നിരപരാധികളായ സാധാരണക്കാർക്കെതിരായ ക്രൂരവും വിവേകശൂന്യവുമായ പ്രവൃത്തിക്ക് നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്നായിരുന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. നഷ്ടപ്പെട്ട വിലയേറിയ ജീവിതങ്ങളിൽ ദുഃഖിക്കുന്നതായും ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു. ഇന്ത്യ ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നായിരുന്നു പഹൽഗാം സന്ദർശനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. 'ക്രൂരമായ ഭീകരാക്രമണത്തിലെ കുറ്റവാളികളെ വെറുതെ വിടില്ല. ഹൃദയഭാരത്തോടെ, മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു'- അമിത് ഷാ എക്സിൽ കുറിച്ചു.

ലോക നേതാക്കളടക്കം പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. അസ്വസ്ഥത ഉളവാക്കുന്ന സംഭവമെന്ന് ഡൊണാൾഡ് ട്രംപും, തീവ്രവാദ ശക്തികളെ ചെറുക്കാൻ പൂർണ പിന്തുണയെന്ന് വ്ളാഡിമിർ പുടിനും പ്രതികരിച്ചു. ഭീകരാക്രമണത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി സൗദി കിരീടാവകാശിയും രംഗത്തെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com