ആന്ധ്രയിലും തെലങ്കാനയിലും പേമാരി തുടരുന്നു; കാലവർഷക്കെടുതിയിൽ മരണം 31 ആയി

തെലങ്കാനയിലെ 11 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ആന്ധ്രയിലും തെലങ്കാനയിലും പേമാരി തുടരുന്നു; കാലവർഷക്കെടുതിയിൽ മരണം 31 ആയി
Published on

കാലവർഷം ശക്തമായ ആന്ധ്ര പ്രദേശിലും തെലങ്കാനയിലും അതിതീവ്ര മഴ തുടരുന്നു. നിരവധി ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. മഴക്കെടുതിയിൽ മരണം 31 ആയി ഉയർന്നിട്ടുണ്ട്. അതേസമയം, തെലങ്കാനയിലെ 11 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലുമായി നാല് ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലായി നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. 54 ഓളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. 

ആന്ധ്രയിലെ വിജയവാഡയെയാണ് മഴക്കെടുതി അതിരൂക്ഷമായി ബാധിച്ചത്. ആന്ധ്രയിൽ നിന്ന് മാത്രം 31,238 പേരെ 166 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 17,000 ദുരിതബാധിതരെ 107 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും 1.1 ലക്ഷം കൃഷി ഭൂമി നശിച്ചതായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. വിജയവാഡ, ഗുണ്ടൂർ, കൃഷ്ണ, എലൂരു, പാൽനാഡു, പ്രകാശം, ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 അംഗ ടീമിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേരുകയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തു. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായത്തിന് നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. അടിയന്തര ജോലിയുണ്ടെങ്കിൽ മാത്രമെ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

തെലങ്കാനയിലെ മെഹബൂബ് നഗർ, കുമരം ഭീം, മേധക്, ഖമ്മം, സൂര്യപേട്ട്, നിർമൽ, സിദ്ദിപേട്ട്, ആദിലാബാദ്, കാമറെഡ്ഡി ജില്ലകളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുള്ളത്. പ്രളയ ബാധിത കുടുംബങ്ങൾക്കായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 10,000 രൂപയുടെ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു. 

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയും കേന്ദ്ര സർക്കാരിൽ നിന്ന് ആന്ധ്രയ്ക്കായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com