
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. കണ്ണൂരും കാസർഗോഡും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.
കേരള തീരത്ത് ന്യൂനമർദ പാത്തിയും ഗുജറാത്ത് തീരത്ത് ചക്രവാതച്ചുഴിയും നിലനിൽക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും ഉണ്ടായേക്കും. കേരളത്തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തിരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കോട്ടയം ജില്ലയിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി പത്തനംതിട്ട മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളിലെ നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ തുറക്കാനും അനുമതി. മുതിരപ്പുഴ, പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടറുടെ മുന്നറിയിപ്പുണ്ട്. അതേസമയം, മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചിൽ, മരം വീഴാനുള്ള സാധ്യത, വെള്ളക്കെട്ട് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എറണാകുളം ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അടുത്ത മണിക്കൂറുകളിൽ ജില്ലയിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പ് ലഭിച്ചു.
വരും മണിക്കൂറുകളില്‍ കോഴിക്കോട് ജില്ലയിലും മഴ കനക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തുടർച്ചയായി മഴയായതിനാൽ തന്നെ ജില്ലയിലെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുന്ന സാഹചര്യമുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.