
യുഎസില്‍ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം. സ്‌പെയിനിലെ സീമന്‍സ് സിഇഒ അഗസ്റ്റിന്‍ എസ്‌കോബാറും കുടുംബവുമടക്കം ആറ് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ജെഴ്‌സി സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. അഗസ്റ്റിനും എസ്‌കോബാറും വെക്കേഷന്‍ ആഘോഷിക്കാനാണ് ബാഴ്‌സലോണയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കെത്തിയത്.
ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുകളിൽ നിന്ന് തന്നെ തകര്‍ന്ന ഹെലികോപ്റ്റര്‍ നദിയിലേക്ക് വീഴുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരില്‍ പൈലറ്റ്, രണ്ട് മുതിര്‍ന്നവര്‍ എന്നിവരും ഉള്‍പ്പെടുന്നു.
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചിട്ടുണ്ട്. ഹഡ്‌സണ്‍ നദിയില്‍ നടന്നത് വലിയ അപകടമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.