സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കോടതി ഇടപെടൽ അനിവാര്യമാണെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. സർക്കാരിന് ഇച്ഛാശക്തി ഉള്ളതുകൊണ്ടാണ് കമ്മിറ്റിയെ നിയോഗിച്ചതെന്നും മുന്‍ മന്ത്രി പറഞ്ഞു.
സിനിമ മേഖലയിലെ എല്ലാ ഇത്തിൾക്കണ്ണികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ജയിലിലായിരുന്ന പ്രധാന നടനൊപ്പം ഫോട്ടോ എടുത്തത് ആരാണെന്നും എ.കെ. ബാലന്‍ ചോദിച്ചു. സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു. സർക്കാർ നടത്താന്‍ ഉദ്ദേശിക്കുന്ന കോൺക്ലേവ് എന്താണെന്ന് പ്രതിപക്ഷത്തിന് മനസിലായിട്ടില്ല. കോൺക്ലേവ് എന്തിനാണെന്ന് മനസ്സിലാക്കാതെയാണ് തടയുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും ബാലന്‍ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് സർക്കാർ നേരിടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടല്ലാതെ, ആരുടെയെങ്കിലും പരാതി സർക്കാരിന് മുന്നിൽ ഇല്ല, അത് കൊണ്ട് തന്നെ കേസെടുക്കാൻ സാധിക്കില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യദിവസം തന്നെ വാർത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു. തുടർന്ന് വന്ന പ്രസ്താവനകളില്‍ മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ടെന്ന് വെളിപ്പെട്ടിരുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. റിപ്പോർട്ട് എന്ത് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതടക്കം നിർണായക ചോദ്യങ്ങൾ ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാരിന്‍റെ നിലപാട് എന്താണ്? ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ സർക്കാരിന് നേരിട്ട് കേസ് എടുക്കാൻ വകുപ്പുണ്ടോ എന്നിങ്ങനെയായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യങ്ങള്‍. റിപ്പോർട്ട് പൊതു ജനമധ്യത്തിലുണ്ടെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. കോഗ്നിസബിള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ അത് പോക്സോ കേസിലാണെങ്കില്‍ നടപടിയെടുക്കാന്‍ സാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.