ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്ത്രീകളുടെ തുറന്ന് പറച്ചിൽ ഞെട്ടിക്കുന്നത്, 21 യൂണിയനുകള്‍ക്ക് കത്തയച്ച് ഫെഫ്ക

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്ത്രീകളുടെ തുറന്ന് പറച്ചിൽ ഞെട്ടിക്കുന്നത്, 21 യൂണിയനുകള്‍ക്ക് കത്തയച്ച് ഫെഫ്ക

നിയമ നടപടികളില്‍ ഫെഫ്ക അതിജീവിതകള്‍ക്കൊപ്പം നില്‍ക്കുമെന്നും സംഘടന അറിയിച്ചു
Published on


ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള സ്ത്രീകളുടെ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതെന്ന് ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. നിയമ നടപടികളില്‍ ഫെഫ്ക അതിജീവിതകള്‍ക്കൊപ്പം നില്‍ക്കുമെന്നും സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയിലെ 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചു.

ഫെഫ്കയുടെ യൂണിയനുകളില്‍ നിന്ന് മൊഴി നല്‍കിയ പത്തില്‍ താഴെ വനിതകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചുവോയെന്ന് അറിയില്ല. സംവിധാ‌യകര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്, മേക്കപ്പ് ആര്‍ടിസ്റ്റുകള്‍ എന്നിവര്‍ക്ക് നേരെയാണ് പ്രധാന ആരോപണം ഉണ്ടായിരിക്കുന്നത്. തൊഴിലിടത്തെ സ്ത്രീ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠമാണ് ഹേമ കമ്മിറ്റിയിലുള്ളത്. തൊഴിലാളി വര്‍ഗബോധത്തോടെ സ്ത്രീകളെ കേട്ട് തിരുത്തലുണ്ടാകണം. കൂടിക്കാഴ്ചയ്ക്കായി അംഗങ്ങളെ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനം പഠിക്കണം എന്നും ഫെഫ്ക വ്യക്തമാക്കി.

ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നുണ്ടെന്ന റിപ്പോര്‍ടിലെ കണ്ടെത്തല്‍ ആഴത്തില്‍ പരിശോധിക്കണം. ഫെഫ്കയ്ക്ക്‌ ഡബ്ല്യുസിസിയോട് ശത്രുതയില്ല. ഡബ്ല്യുസിസി അംഗമായ സജിത മഠത്തിലിന് റൈറ്റേഴ്സ് യൂണിയനില്‍ സ്ഥിരാംഗത്വം നല്‍കിയിട്ടുണ്ട്. ഒപ്പം ഫെഫ്ക എഡിറ്റേഴ്സ് യൂണിയനിലും അംഗമായ ബീന പോളിന് പ്രതിമാസ പെന്‍ഷനും നല്‍കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com