ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് അക്ഷരാർത്ഥത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ശക്തി തെളിയിക്കുന്ന ചടങ്ങ് കൂടിയായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ ഉന്നത നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഹേമന്ത് സോറന്റെ ഭാര്യ കൽപന, പിതാവും ജെഎംഎം സ്ഥാപകനുമായ ഷിബു സോറൻ എന്നിവരും ചടങ്ങിനെത്തി. ഇത് നാലാം തവണയാണ് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. കൂടാതെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത്.
ALSO READ: ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലുകൾ നിഷ്‌ഫലം; ഗോത്രജനതയുടെ ട്രൂ ലീഡറായി വളർന്ന് ഹേമന്ത് സോറൻ
81 അംഗ നിയമസഭാ സീറ്റിൽ 56 സീറ്റുകൾ നേടിയാണ് സോറൻ സർക്കാർ ഇത്തവണ അധികാരത്തിലേറുന്നത്. ജെഎംഎമ്മിൻ്റെ അമരക്കാരനെന്ന നിലയിൽ കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു ഹേമന്ത് സോറന് 2024. കഴിഞ്ഞ ജനുവരി 31നാണ് ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ജാർഖണ്ഡ് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കുന്നത്. നിരന്തരമായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ ഫെബ്രുവരി 4നാണ് ഇ.ഡി സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ഹേമന്ത് സോറൻ രാജിവെച്ച് അന്വേഷണം നേരിടുകയും ചെയ്തു.
ഹേമന്ത് സോറൻ്റെ അഭാവത്തിൽ ജെഎംഎം തലവൻ ഷിബു സോറൻ്റെ അടുത്ത അനുയായിയും പാർട്ടിയിൽ മൂന്നാമനെന്നും അറിയപ്പെട്ട ചംപയ് സോറൻ മുഖ്യമന്ത്രിയായി നിയമിതനായി. എന്നാൽ അപ്രതീക്ഷിതമായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ചംപയ് സോറൻ ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച ചംപയ് വിജയിച്ചെങ്കിലും ബിജെപിക്ക് കര തൊടാനായില്ല.
എന്നാൽ ഇതൊന്നും ജെഎംഎമ്മിനേയും ഹേമന്ത് സോറനേയും പിന്നോട്ടടിച്ചില്ലെന്നാണ് നിയമസഭാ തെരഞ്ഞടുപ്പ് ഫലം തെളിയിച്ചത്. ബർഹൈത്തിൽ മത്സരിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെക്കാൾ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മാത്രവുമല്ല 2019ൽ 30 സീറ്റുകളിൽ വിജയിച്ച ജെഎംഎം ഇക്കുറി അതിനേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ബർഹൈത് മണ്ഡലത്തിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ ഹേമന്ത് സോറൻ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.