ഇന്ന് വൈകീട്ടോടെ ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടുന്ന സോറൻ ഈ മാസം 26ന് ജെഎംഎമ്മിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും
ചരിത്ര വിജയത്തിലൂടെ ഭരണത്തുടർച്ച നേടിയ ഹേമന്ത് സോറൻ ജാർഖണ്ഡിൽ വീണ്ടും മുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് ഗവർണർ സന്തോഷ് ഗങ്വാറിനെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ച്, അടുത്ത മന്ത്രിസഭാ രൂപീകരണത്തിന് സോറൻ അനുമതി തേടി. ഈ മാസം 28ന് ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രിയായി സോറൻ അധികാരമേൽക്കും.
ഇതുവരെ കണ്ടിട്ടില്ലാത്ത തരം കടുത്ത മത്സരം. എന്നിട്ടും ആകെയുള്ള 81 നിയമസഭാ സീറ്റുകളിൽ 56 എണ്ണവും വാരിക്കൂട്ടി അധികാരത്തിലെത്തുക, അതും തുടർച്ചയായ രണ്ടാം തവണ. ജെഎംഎം സ്ഥാപകനായ ഷിബു സോറന്റെ മകന് ഇതിൽപ്പരമൊരു മധുരപ്രതികാരം ബിജെപിയോട് ഇനി ചെയ്യാനില്ല. സർക്കാർ വിരുദ്ധ തരംഗം പ്രതീക്ഷിച്ച് മുസ്ലിം വിരുദ്ധതയും സോറന്റെ ഇഡി കേസുമടക്കം അവതരിപ്പിച്ച് വലിയ പ്രചാരണം ബിജെപി ജാർഖണ്ഡിൽ നടത്തി. മാത്രമല്ല, സംസ്ഥാന തെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളുടെ പ്രത്യേക ശ്രദ്ധയുമുണ്ടായിട്ടും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് സംഭവിച്ചത്.
ALSO READ: മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തന്നെയെന്ന് സൂചന; ജാർഖണ്ഡിൽ സർക്കാർ രൂപീകരണ ചർച്ചയുമായി ഇന്ത്യ മുന്നണി
ഗവർണർ സന്തോഷ് ഗാങ്വറെ കണ്ട് മന്ത്രിസഭാ രൂപീകരണ ആവശ്യമുന്നയിക്കാൻ ജെഎംഎം ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമായി. സഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ യോഗം തെരഞ്ഞെടുത്തു. നവംബർ 26ന് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിയായിരിക്കെ ഇഡി കേസിനെ തുടർന്നുണ്ടായ ജയിൽവാസവും, കേന്ദ്രം പകപോക്കുകയും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയുമാണ് എന്ന സോറന്റെ നിരന്തര പ്രചാരണവും തെരഞ്ഞെടുപ്പിൽ ഫലം കണ്ടു. സർക്കാരിന്റെ ക്ഷേമപദ്ധതികൾ പറഞ്ഞായിരുന്നു ജെഎംഎമ്മിന്റെ വോട്ടുപിടിത്തം.
39,191 വോട്ടിനാണ് 49കാരനായ സോറൻ ബർഹേത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും മുൻ ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ നേതാവുമായ ഗംലിയെൽ ഹെംബ്രോമിനെ തോൽപ്പിച്ചത്. ജനാധിപത്യത്തിലെ ഒരു അഗ്നിപരീക്ഷ കൂടി മറികടന്നുവെന്ന് സോറൻ ജനങ്ങളോട് നന്ദി പറയവേ കൂട്ടിച്ചേർത്തു.
ALSO READ: ജാർഖണ്ഡിൽ കരുത്ത് കാട്ടി ജെഎംഎം; പല്ല് കൊഴിഞ്ഞ 'കോൽഹാൻ കടുവ'യുടെ രാഷ്ട്രീയ ഭാവി ഇനിയെന്ത്?
ജയിൽവാസ കാലത്ത് ജാർഖണ്ഡിലെ പാർട്ടിയെ നയിച്ച ഭാര്യ കൽപന സോറനും വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. ഗാണ്ഡെയിൽ 17,142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൽപന ജയിച്ചത്. ജെഎംഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ വിജയിച്ചു. കോൺഗ്രസിനും ജാർഖണ്ഡിൽ മികച്ച നേട്ടമുണ്ടാക്കാനായി. 68 സീറ്റിൽ മത്സരിച്ച ബിജെപി 21 സീറ്റിലേക്ക് ഒതുങ്ങി. എന്നാൽ വോട്ട് ഷെയർ ബിജെപി നല്ല രീതിയിൽ നിലനിർത്തി.