
ബെയ്റൂട്ടില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഹിസ്ബുള്ള കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. ബെയ്റൂട്ടിന്‌റെ തെക്ക് ഭാഗത്തുള്ള അപാര്‍ട്ട്മെന്‍റ് കെട്ടിടത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ ഡ്രോണ്‍ യൂണിറ്റ് തലവന്‍ മുഹമ്മദ് സുരൂര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
വ്യാഴാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ 92 പേരെങ്കിലും കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കുള്ള പ്രതീതിയാണ് ഉയരുന്നത്.
യു.എസ്, യു.കെ , യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ ഇസ്രയേല്‍ നിരസിച്ചു. ഇസ്രായേൽ അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതു വരെ ലെബനനിൽ ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.
ഏതാണ്ട് ഒരു വർഷം മുമ്പ് ഗാസയിലെ യുദ്ധത്തെത്തുടർന്നുണ്ടായ ഇസ്രായേല്‍- ഹിസ്ബുള്ള ശത്രുതയ്ക്ക് ശേഷം രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് നിന്ന് 70,000 ഇസ്രായേലികൾ പലായനം ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ലബനനിൽ, തിങ്കളാഴ്ച മുതൽ 90,000 ത്തോളം ആളുകൾ പലായനം ചെയ്യപ്പെട്ടു, യു.എൻ. കണക്കനുസരിച്ച് ഇതിനകം വീടുകൾ വിട്ട് പലായനം ചെയ്തവരുടെ എണ്ണം 110,000 ആണ്.