ഇസ്രയേലിലെ സൈനിക കേന്ദ്രത്തിലേക്കും നാവിക താവളത്തിലേക്കും മിസൈൽ ആക്രമണം നടത്തി ഹിസ്ബുള്ള. നിരവധി പേർക്ക് പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ള ഇസ്രയേലിലേക്ക് 250ഓളം മിസൈലുകൾ തൊടുത്തെന്നും ആക്രമണത്തില്‍ ഏഴ് പേർക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ഹിസ്ബുള്ള ആക്രമണത്തിൽ കിഴക്കൻ ടെൽ അവീവിലെ പെറ്റാ ടിക്‌വ മേഖലയിൽ നിരവധി പേർക്ക് പരുക്കേറ്റെന്നും പ്രദേശത്ത് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നുമാണ് പുറത്തുവരുന്ന വിവരം. തെക്കൻ ഇസ്രയേലിലെ അഷ്ദൂദ് നാവിക താവളത്തിലേക്കും ടെൽ അവീവിലെ സൈനിക കേന്ദ്രത്തിലേക്കുമാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. സ്ട്രൈക്ക് ഡ്രോണുകളും അഡ്‌വാന്‍സ്ഡ് മിസൈലുകളും പ്രയോഗിച്ചുവെന്നും ഹിസ്ബുള്ള അറിയിച്ചു. ഇസ്രയേലിലേക്ക് ഹെസ്ബുള്ള 250 റോക്കറ്റുകള്‍ പ്രയോഗിച്ചുവെന്ന് ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. ഇതിൽ നിരവധി മിസൈലുകൾ നശിപ്പിക്കാനായെന്നും ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റുമെന്നുമാണ് സൈന്യത്തിൻ്റെ വിശദീകരണം.
Also Read: 'ഇരകളും അതിജീവിതരും'; ഒക്ടോബർ 7 ഹമാസ് ആക്രമണത്തിനും ഗാസയിലെ ഇസ്രയേല്‍ നരമേധത്തിനും ഇന്ന് ഒരാണ്ട്
അതേസമയം, ലബനനിലെ ഒരു സൈനിക കേന്ദ്രത്തിനു നേരെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഒരു ലബനീസ് സൈനികൻ കൊല്ലപ്പെടുകയും 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കന്‍ ബെയ്റൂട്ടില്‍ മറ്റിടങ്ങളിലും കനത്ത ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്. ഹിസ്ബുള്ളയ്‌ക്കെതിരായാണ് ആക്രമണം നടത്തിയതെന്നും സൈനിക കേന്ദ്രം ലക്ഷ്യമാക്കിയിരുന്നില്ലെന്നും അറിയിച്ച ഇസ്രയേൽ സൈന്യം ഖേദം പ്രകടിപ്പിച്ചു.
അമേരിക്കയുടെ നേതൃത്വത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് തെക്കൻ ബെയ്റൂട്ടിലേക്ക് ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നത്. നിലവിലെ ആക്രമണം വെടിനിർത്തൽ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന നീക്കമാണെന്ന് ലബനന്‍റെ കാവല്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പ്രതികരിച്ചു. ലബനന്‍ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, യുദ്ധത്തിലുടനീളം, ഇസ്രയേല്‍ ആക്രമണങ്ങൾ 3,700ലധികം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ലബനനിലെ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.