ഹിസ്ബുള്ളയെ ഞെട്ടിച്ച് ലെബനനിൽ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു: എട്ട് മരണം; 2,750-ലധികം പേർക്ക് പരുക്ക്

സ്‌ഫോടനത്തിൽ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് പരുക്കേറ്റതായും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു
ഹിസ്ബുള്ളയെ ഞെട്ടിച്ച് ലെബനനിൽ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു: എട്ട് മരണം; 2,750-ലധികം പേർക്ക് പരുക്ക്
Published on



ലെബനനിൽ ഹെസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ പേജർ സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 2,750-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 200 ലേറെ പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിൽ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് പരുക്കേറ്റതായും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സംഭവ സ്ഥലത്ത് 50-ലധികം ആംബുലൻസുകളും 300 ലധികം ആരോഗ്യ പ്രവർത്തകരെയും അയച്ചതായി ലെബനീസ് റെഡ് ക്രോസ് അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് ലെബനിൽ സ്ഫോടനം നടന്നത്. ആക്രമണത്തിൽ ഇസ്രായേലിന് പങ്കുണ്ടെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. കൂടാതെ ഇതുവരെ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും ഹിസ്ബുള്ള പറയുന്നു. എല്ലാ പേജറുകളും ഏതാണ്ട് ഒരേ സമയം പൊട്ടിത്തെറിച്ചതോടെ തങ്ങളുടെ ആശയവിനിമയ ശൃംഖലയെ ഇസ്രായേൽ ഇല്ലാതാക്കിയതായും ലെബനനിലുടനീളം ഉള്ള തങ്ങളുടെ ശക്തികേന്ദ്രങ്ങളെ ഇത് ബാധിച്ചതായും ഹിസ്ബുള്ള പ്രതികരിച്ചു.

പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ള അംഗങ്ങൾക്കും പരുക്കേറ്റതായി ലെബനനിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പേജർ സ്‌ഫോടനങ്ങൾക്ക് തൊട്ടുപിന്നാലെ ഹിസ്ബുള്ള പ്രസ്താവന ഇറക്കി. സംഭവത്തിൽ ഒരു പെൺകുട്ടിയും രണ്ട് സഹോദരന്മാരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.

ഒരേസമയം നടന്ന ഈ സ്‌ഫോടനങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ ഹിസ്ബുള്ളയിലെ ബന്ധപ്പെട്ട അധികാരികൾ നിലവിൽ വിപുലമായ സുരക്ഷാ പരിശോധനകളും ശാസ്ത്രീയ അന്വേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഹിസ്ബുള്ളയുടെയോ ഇറാൻ്റെയോ ആരോപണങ്ങളിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com