ലബനനില്‍ വെടിനിർത്തല്‍ നടപ്പിലാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നു എന്ന ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറിന്‍റെ പ്രസ്താവനയാണ് ഹിസ്ബൊള്ള തള്ളുന്നത്
ലബനനില്‍ വെടിനിർത്തലിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു എന്ന ഇസ്രയേലിന്‍റെ വാദം നിഷേധിച്ച് ഹിസ്ബുള്ള. അതിർത്തികളില്‍ നിന്നുള്ള പിന്മാറ്റം അടക്കമുള്ള വിഷയങ്ങളില്‍ സന്ധി സംഭാഷണം നടന്നെന്ന റിപ്പോർട്ടുകളാണ് ഹിസ്ബുള്ള തള്ളുന്നത്. ലബനനില്‍ വെടിനിർത്തല്‍ നടപ്പിലാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നു എന്ന ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറിന്‍റെ പ്രസ്താവനയാണ് ഹിസ്ബുള്ള തള്ളുന്നത്.
വെടിനിർത്തല്‍ നിർദേശത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സന്ധി സംഭാഷണങ്ങളൊന്നും നടന്നിട്ടില്ല എന്നാണ് ഹിസ്ബുള്ളയുടെ പ്രതികരണം. വെടിനിർത്തലില്‍ എന്തെങ്കിലും പുരോഗതിയുണ്ടായതായി ലബനനോ ഹിസ്ബുള്ളയ്‌ക്കോ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് അറിയിച്ചു.
ലബനൻ വെടിനിർത്തലുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഇസ്രയേൽ ദേശീയ പത്രമായ ഇസ്രയേല്‍ ഹയോം നവംബർ 10ന് റിപ്പോർട്ട് ചെയ്തിരുന്നു. ലിറ്റാനി നദിയുടെ വടക്ക് ഇസ്രയേല്‍ അതിർത്തികളില്‍ നിന്ന് ഹിസ്ബുള്ള സൈന്യത്തെ പിന്‍വലിക്കുന്ന പക്ഷം, അന്താരാഷ്ട്ര അതിർത്തിയിലേക്ക് ഇസ്രയേലും പിന്മാറുമെന്നായിരുന്നു സന്ധി സംഭാഷണത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട്. യുഎസ് പ്രതിനിധി ഏയ്മസ് ഹോഷ്സ്സ്റ്റെയിന്‍റെ സാന്നിധ്യത്തില്‍ ഇസ്രയേലും ലബനനും സമാധാന കരാറിൻ്റെ കരട് കൈമാറിയതായി ഇസ്രയേലിലെ പ്രമുഖ പത്രമായ യെദിയോത്ത് അഹ്‌റോനോത്തും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.