കൃഷ്ണന്‍ ജില്ലയിലെ ഗുഡ്‌ലവല്ലരു എഞ്ചിനിയറിങ് കോളേജിലാണ് വനിതകളുടെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളി ക്യാമറ കണ്ടെത്തിയത്
എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി പ്രതിഷേധം
എഞ്ചിനിയറിങ് കോളേജില്‍ വനിത ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളി ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാ പ്രദേശ് സർക്കാർ. അന്വേഷണത്തിന് ഉത്തരവിട്ടതായി മാനവ വിഭവശേഷി വികസന മന്ത്രി നര ലോകേഷ് എക്സിലൂടെ അറിയിച്ചു.
"ഒളി ക്യാമറ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കോളേജുകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്", നര ലോകേഷ് എക്സില്‍ കുറിച്ചു.
കൃഷ്ണന്‍ ജില്ലയിലെ ഗുഡ്‌ലവല്ലരു എഞ്ചിനിയറിങ് കോളേജിലാണ് വനിതകളുടെ ഹോസ്റ്റല്‍ ശുചിമുറിയില്‍ രഹസ്യ ക്യാമറ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിദ്യാർഥിനികള്‍ ക്യാമറ കണ്ടെത്തിയത്. ഇതിന് പിന്നാലെ രാത്രി ഏഴ് മണിക്ക് വിദ്യാർഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. കോളേജ് അധികാരികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
ALSO READ: ആന്ധ്രാ പ്രദേശിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകർത്തി വിറ്റത് വിദ്യാർഥികള്‍ക്ക്
ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബോയ്സ് ഹോസ്റ്റലില്‍ താമസിക്കുന്ന ബി.ടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലാണ്. റിപ്പോർട്ടുകള്‍ പ്രകാരം, വനിത ഹോസ്റ്റലില്‍ നിന്നും 300ല്‍ അധികം ഫോട്ടോകളും വീഡിയോകളുമാണ് വിജയ് രഹസ്യ ക്യാമറ ഉപയോഗിച്ച് ചോർത്തിയിരിക്കുന്നത്.
ഈ മാസമാദ്യം, ബെംഗളൂരുവിലെ പ്രശസ്തമായ ഒരു കോഫി ഷോപ്പിലും വനിതകളുടെ ടോയ്‌ലെറ്റിലെ ഡസ്റ്റ് ബിന്നില്‍ ഒളി ക്യാമറ കണ്ടെത്തിയിരുന്നു. ഒരു കോണ്ടന്‍റ് ക്രിയേറ്ററാണ് വിഷയം പൊതു ശ്രദ്ധയില്‍ കൊണ്ടുവന്നത്.