
കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ വാദം കോടതി അംഗീകരിച്ചു.
ഇതേ ആവശ്യമുന്നയിച്ച് നേരത്തേ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ അനുപമ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്നായിരുന്നു അന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഓയൂരിലെ ആറ് വയസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ. കഴിഞ്ഞ വർഷം നവംബര്‍ 27ന് ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കേസിൽ കെ.ആർ. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് മൂന്ന് പ്രതികൾ. മോചനദ്രവ്യം വാങ്ങി പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ അച്ഛനും അമ്മയും മകളും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു തട്ടിക്കൊണ്ടുപോകൽ. നീണ്ട ഒരു വർഷത്തെ ആസൂത്രണത്തിനും ഒന്നര മാസത്തെ അന്വേഷണത്തിനും ഒടുവിലാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു. വലിയ വാർത്തയായതോടെ ഒരു ദിവസത്തിനു ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു.