
വിദേശത്ത് വിവാഹിതരായവർക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി. ഇത്തരം വിവാഹങ്ങൾ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിദേശത്ത് വിവാഹിതരായ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികൾക്ക് വിദേശത്തേക്ക് പോകാതെ തന്നെ ഓൺലൈൻ വഴി ഫോറിൻ മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് സി.എസ്. ഡയസ് അനുമതി നൽകി.
തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തേനേഷ്യൻ യുവതിയായ ഭാര്യ മാഡിയ സുഹർകയും നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഇന്ത്യയിൽ വിവാഹം നടത്താത്തതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്ത് നടന്ന വിവാഹമായതിനാൽ ഫോറിൻ മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി.