ശബരിമലയില്‍ പഴക്കം ചെന്ന ഉണ്ണിയപ്പം വിതരണം ചെയ്‌തത് ഗൗരവതരമെന്ന് ഹൈക്കോടതി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രങ്ങൾ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിരീക്ഷണം. തിങ്കളാഴ്ച ഈ വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
മഴയും ഈർപ്പവും കാരണമായിരിക്കാം ഉണ്ണിയപ്പത്തിനു പൂപ്പല്‍ പിടിച്ചതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു.
Also Read: 'കണ്ണില്‍ ദ്രാവകം ഒഴിച്ചു, കൈവിലങ്ങിട്ട ശേഷം തല്ലി'; കള്ളക്കേസില്‍ കുടുക്കി പൊലീസ് മർദിച്ചെന്ന് യുവതി
അതേസമയം, നിലയ്ക്കൽ, എരുമേലി, പന്തളം ക്ഷേത്രങ്ങളിലെ പ്രസാദത്തിലെ ചേരുവകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ് ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിലെ അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്ക്കാനാണ് ബോർഡിന്‍റെ നിർദേശം. ശർക്കര, ചുക്കുപൊടി, ഏലയ്ക്ക തുടങ്ങിയ ചേരുവകളുടെ അളവ് 35 ശതമാനത്തിൽ കുറയാതെ വെട്ടിക്കുറയ്ക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നാളെ മുതൽ ഉത്തരവ് നടപ്പാക്കാനാണ് നിർദേശം.