പകുതിവില തട്ടിപ്പ്: ലാലി വിൻസെൻ്റിൻ്റെ പങ്ക് എന്ത്? വിശദീകരണം തേടി ഹൈക്കോടതി

അന്വേഷണ  ഉദ്യോഗസ്ഥൻ ഇതു  സംബന്ധിച്ച  റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ നിർദേശം
പകുതിവില തട്ടിപ്പ്: ലാലി വിൻസെൻ്റിൻ്റെ പങ്ക് എന്ത്? വിശദീകരണം തേടി ഹൈക്കോടതി
Published on

കേരളത്തിൽ ചർച്ചാ വിഷയമായ പകുതി വില തട്ടിപ്പിൽ ഇടപെട്ട് ഹൈക്കോടതി. തട്ടിപ്പിൽ ആരോപണവിധേയയായ കോൺഗ്രസ് നേതാവും  അഭിഭാഷകയുമായ ലാലി വിൻസെൻ്റിൻ്റെ പങ്ക് എന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണൻ്റെ നിർദേശം. ലാലിയുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും അന്നുവരെ നീട്ടി കൊണ്ട് കോടതി ഉത്തരവിട്ടു.

പകുതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അനന്തു കൃഷ്ണൻ്റെ ഫ്ലാറ്റിൽ ലാലി വിൻസെൻ്റ്  നിത്യ സന്ദർശകയായിരുന്നുവെന്ന് കെയർ ടേക്കറും വാച്ച്മാനും ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് എ. എന്‍. രാധാകൃഷ്ണന് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് ലാലി വിൻസെൻ്റ് ആരോപിച്ചിരുന്നു. എ.എന്‍. രാധാകൃഷ്ണനും അനന്തു കൃഷ്ണനും തമ്മില്‍ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ലാലി വിന്‍സെൻ്റ് പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് എതിരെ സ്വയം പ്രതിരേധവുമായാണ് രാധാകൃഷ്ണൻ രംഗത്തെത്തിയത്. പൊതുജീവിതത്തിന്റെ നിഷ്കളങ്കത ചോദ്യം ചെയ്യാൻ നിൽക്കരുതെന്നും കുടുംബം വിറ്റും പണം തിരികെ നൽകുമെന്നുമാണ് പകുതി വില തട്ടിപ്പിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബിജെപി നേതാവ് എ. എൻ. രാധാകൃഷ്ണൻ മറുപടി പറഞ്ഞത്.

ഇതിനുപിന്നാലെയാണ് പകുതി വില തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണൻ വീണ്ടും വെളിപ്പെടുത്തൽ നടത്തിയത്. ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു അനന്തു കൃഷ്ണൻ്റെ ആരോപണം. ലാലി വിന്‍സെന്റിനെതിരായ ആരോപണങ്ങള്‍ അവര്‍ നേരത്തെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. നിയമോപദേശക എന്ന നിലയിലുള്ള പ്രതിഫലം മാത്രമേ കിട്ടിയിട്ടുള്ളു എന്നായിരുന്നു ലാലി വിന്‍സെന്റ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് വലിയ തുക നല്‍കിയെന്ന അനന്തു കൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com