ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി വിധി പ്രതിപക്ഷ വാദം അടിവരയിടുന്നത്: വി.ഡി. സതീശൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചല്ല, റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പുറത്തുവന്ന വെളിപ്പെടുത്തലുകളെ കുറിച്ച് മാത്രമാണ് അന്വേഷിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ പരാമര്‍ശം പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റിപ്പോര്‍ട്ട് നാലര വര്‍ഷം ഒളിച്ചുവെച്ചത് എന്തിന് വേണ്ടിയായിരുന്നെന്നും റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങളുടെ പരമ്പരകളെ കുറിച്ച് അന്വേഷിക്കണമെന്നും പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു തന്നെയാണ് പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ഇരകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പോക്‌സോ ആക്ടും ബിഎന്‍എസും അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നതു തന്നെ ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിൻ്റെ ആവശ്യപ്രകാരം അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും രണ്ട് പുരുഷ ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടുത്തി. എന്നിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചല്ല, റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ കുറിച്ച് മാത്രമാണ് സർക്കാർ അന്വേഷിക്കുന്നതെന്നും സതീശൻ വിമർശിച്ചു.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. ഇരകള്‍ക്ക് നീതി കിട്ടണം. മുഖം നോക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നിന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com