
ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടാതെ ഡിവിഷന്‍ ബെഞ്ച്. യാക്കോബായ വിഭാഗവും സര്‍ക്കാരും നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
എറണാകുളം-പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ തർക്കം നിലനിൽക്കുന്ന ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് യാക്കോബായ സഭയും സര്‍ക്കാരും അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത് കുമാര്‍ എന്നിവരുടെ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്
സഭാ തർക്കത്തിൽ എറണാകുളം പാലക്കാട് കളക്ടര്‍മാരെ സ്വമേധയാ കക്ഷി ചേര്‍ത്തുകൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. സഭാ അധികൃതര്‍ നല്‍കിയ കോടതിയലക്ഷ്യ പരാതിയിലായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.
പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ഉത്തരവ് പുറത്തുവന്നിട്ടും പള്ളികള്‍ അതാത് സഭകള്‍ക്ക് കൈമാറാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. യാക്കോബായക്കാരുടെ പ്രതിരോധത്തെ തുടര്‍ന്ന് പള്ളികള്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പലവട്ടം പിന്മാറുകയായിരുന്നു.