
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിൻ്റെ മാതൃക പിന്തുടരാൻ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്തെ റെസ്റ്റോറൻ്റുകളിലും ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കുമെന്ന് നഗരവികസന മന്ത്രി വിക്രമാദിത്യ സിംഗ് അറിയിച്ചു. വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന പൊതുമരാമത്ത് വകുപ്പും നഗരവികസന മന്ത്രാലയവും മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രി വിക്രമാദിത്യ സിംഗ് ഇക്കാര്യം അറിയിച്ചത്. റെസ്റ്റോറൻ്റുകളിൽ നിന്നും ഭക്ഷണശാലകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിൻ്റെ ഗുണമേന്മയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയവും ആശങ്കയും കണക്കിലെടുത്താണ് നടപടി.
ALSO READ: തിരുപ്പതി ലഡു വിവാദം: പ്രസാദം അശുദ്ധമല്ലെന്ന് ഉറപ്പാക്കാൻ ലാബുകളിൽ പരിശോധന നടത്തും, നിർമാണ രീതികളും നിരീക്ഷിക്കും; ഉത്തരാഖണ്ഡ് സർക്കാർ
ഭക്ഷണശാല ഉടമകളുടെയും മാനേജർമാരുടെയും ഉടമസ്ഥരുടെയും പേരുകൾ അവരുടെ ഭക്ഷണ കേന്ദ്രങ്ങൾക്ക് പുറത്ത് പ്രദർശിപ്പിക്കണമെന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും സിസിടിവി സ്ഥാപിക്കണം. ഇതിലെ ജീവനക്കാർ മാസ്കുകളും കയ്യുറകളും ധരിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ യോഗി സർക്കാറിൻ്റെ നിർദേശം ഏറെ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.