
കൊവിഡ് മഹാമാരി തന്ന നടുക്കത്തിനും, യാതനകൾക്കുമൊടുവിൽ ലോകം സാധാരണഗതിയിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോഴിതാ ഹ്യൂമൻ മെറ്റാന്യുമോവൈറസ്( എച്ച്എംപിവി) എന്ന പേരിൽ ചൈനയിൽ നിന്നും തന്നെ അടുത്ത ഭീഷണി ഉയർന്നിരിക്കുന്നു.ലോകരാഷ്ട്രങ്ങളിലെതന്നെ ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന എച്ച്എംപിവി വൈറസ് എന്നാൽ എന്താണ്?, ഈ അണുബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇപ്പോൾ ആളുകൾ തിരയുന്നത്.
എന്താണ് എച്ച്എംപി വൈറസ്;
ശ്വാസകോശ അണുബാധയുള്ള കുട്ടികളെ നിരീക്ഷിച്ച ഒരു സംഘം ഡച്ച് ഗവേഷകരാണ്സാമ്പിളുകൾ പഠനം നടത്തുന്നതിനിടെ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണ് എച്ച്എംപിവി.
ലക്ഷണങ്ങൾ;
ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയെല്ലാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത.കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി. ബാധിച്ചവരിലും കണ്ടു വരുന്നത്. പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഗുരതമാകാനുള്ള സാധ്യത കൂടുതൽ. രോഗാവസ്ഥ ഗുരുതരമാകുന്നതിൽ കൊവിഡ് വ്യാപനത്തിനു ശേഷമുള്ള ശാരീരിക അവസ്ഥകളും, തണുപ്പും പ്രധാന പങ്കുവഹിക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
എച്ച്എംപി വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതും ഈ സാഹചര്യത്തിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ചൈനയിൽ ഇതിനോടകം തന്നെ വിരവധിപ്പേരിലേക്ക് വൈറസ് പടർന്നിട്ടുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക ഉയർത്തുകയാണ്. എങ്കിലും പൊതുവായി ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
എച്ച്എംപിവി യെ കൊവിഡ് 19ൽ നിന്ന് വേർതിരിച്ചറിയാൻ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല, എന്നാൽ എച്ച്എംപിവിയും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളും പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, അടുത്ത സമ്പർക്കം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. കണ്ണോ, കൈകളോ വായോ തൊടുന്നതിനു മുൻപ് കൈകൾ വൃത്തിയാക്കിയിരിക്കണം. മലിനമായുള്ള പ്രതലങ്ങളുമായുള്ള സമ്പർക്കവും രോഗവ്യാപനത്തിന് കാരണമാകും. രോഗികളുമായുള്ള സമ്പർക്കവും ഒഴിവാക്കണം
Also Read; "തണുപ്പുകാലത്ത് ശ്വാസകോശ അണുബാധ സ്വാഭാവികം, എച്ച്എംപിവിയെ കുറിച്ച് ആശങ്ക വേണ്ട"; വിശദീകരണവുമായി ചൈന
എന്നാൽ ഏറെപേരും രോഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യുന്നില്ലെന്നുമുള്ള ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യ വിദഗ്ധർ. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
എച്ച്എംപിവി വ്യാപനത്തിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെയും നിർദേശം. പരിഭ്രാന്തരാകേണ്ട, പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ പറഞ്ഞു. ശ്വാസകോശ സംബന്ധമായ എല്ലാ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ സ്വീകരിക്കാൻ അതുൽ ഗോയൽ നിർദേശം നൽകി.
കോവിഡ് മഹാമാരിക്ക് സമാനമായി എച്ച്എംപിവി മാറുമോ എന്ന ആശങ്കയിലാണ് ലോകം.എന്നാൽ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വാർത്തകൾ ചൈന നിഷേധിച്ചു. ഇത് വർഷാവർഷം തണുപ്പുകാലത്ത് പടരുന്ന ശ്വാസകോശ അണുബാധ മാത്രമാണെന്ന വിശദീകരണമാണ് ചൈന നൽകുന്നത്. രോഗത്തിൻ്റെ തീവ്രത കുറവാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് ചെറിയ തോതിലാണ് പടരുന്നതെന്നും ചൈന വ്യക്തമാക്കി.
വിദേശികൾക്ക് ചൈനയിലേക്കുള്ള യാത്ര സുരക്ഷിതമാണ്. രാജ്യത്തെ പൗരൻമാരെടെയും ചൈനയിലേക്കെത്തുന്ന വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്ന ഉറപ്പും ചൈനീസ് സർക്കാർ നൽകി. ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ചൈനയിലെ ആശുപത്രികളുടെ ദൃശ്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന.
ഇതാദ്യമായല്ല എച്ച്എംപിവി റിപ്പോർട്ട് ചെയ്യുന്നത്. 2011 നും 2012 നും ഇടയിൽ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ വൈറസ് കേസുകൾ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പശ്ചിമ പസഫിക് റീജിയൻ ഓഫീസിന്‍റെ (ഡബ്ല്യുപിആർഒ) കണക്കുകൾ പ്രകാരം ഡിസംബർ 16 മുതൽ 22 വരെ, ചൈനയിലുടനീളം അക്യൂട്ട് റെസ്പിറേറ്ററി അണുബാധകൾ വർദ്ധിച്ചതായി പറയുന്നു. സീസണൽ ഇൻഫ്ലുവൻസ, റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), എച്ച്എംപിവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ചൈനയിൽ പ്രത്യേകിച്ച് വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രചരിക്കുന്ന എച്ച്എംപിവി കേസുകളില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പുതിയ രോഗവ്യാപനത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ നിലവിൽ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പാണ് എച്ച്എംപിവി വൈറസ് കണ്ടെത്തുന്നത്. എന്നാല്‍, വൈറസിനെ ചെറുക്കാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ രോഗവ്യാപനത്തിൻ്റെ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആശങ്ക വേണ്ടതില്ലെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തി. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നുവെന്ന് മന്ത്രി അറിയിച്ചു.ഗർഭിണികൾ, പ്രായമായവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് നല്ലതെന്ന് വീണാ ജോർജ് പറഞ്ഞു. മഹാമാരിയാകാൻ സാധ്യതയുള്ള വൈറസുകൾ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതിനാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.