ലോസ് ആഞ്ചലസ് കാട്ടുതീ: ദുരന്തത്തിൽ നിസഹയാരായി സെലിബ്രിറ്റികൾ; ഹോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകൾ കത്തിനശിച്ചു

ആഡംബര വസതികളും പാരമ്പര്യ ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളുമെല്ലാം നഷ്ടപ്പെട്ടതിന്‍റെ ദുഃഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവരില്‍ പാരിസ് ഹില്‍ട്ടനടക്കമുള്ള ധാരാളം താരങ്ങളുണ്ട്
ലോസ് ആഞ്ചലസ് കാട്ടുതീ: ദുരന്തത്തിൽ നിസഹയാരായി സെലിബ്രിറ്റികൾ; ഹോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകൾ കത്തിനശിച്ചു
Published on

കാലിഫോർണിയൻ കാട്ടുതീ ഹോളിവുഡിനെ വളഞ്ഞപ്പോൾ സാധാരണക്കാർക്ക് വലിയ ആശങ്കയായിരുന്നു. സർക്കാർ സംവിധാനങ്ങളെല്ലാം പ്രമുഖരുടെ സംരക്ഷണത്തിന് വിന്യസിക്കപ്പെടുമെന്ന കരുതലായിരുന്നു ഈ ആശങ്കയ്ക്ക് പിന്നിൽ. എന്നാല്‍ ആളിപടർന്ന കാട്ടുതീ സെലിബ്രിറ്റികള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ആഡംബര വസതികളും പാരമ്പര്യ ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളുമെല്ലാം നഷ്ടപ്പെട്ടതിന്‍റെ ദുഃഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവരില്‍ പാരിസ് ഹില്‍ട്ടനടക്കമുള്ള ധാരാളം താരങ്ങളുണ്ട്.

ഹോളിവുഡ് ആസ്ഥാനം മാത്രമല്ല, ഹോളിവുഡ് താരങ്ങളുടെ സ്വപ്നഭൂമി കൂടിയാണ് ലോസ് ആഞ്ചവല്. മാലിബു ബീച്ചിന് അഭിമുഖമായുള്ള ആഡംബര ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളും മലയോരത്തെ ദശലക്ഷങ്ങള്‍ വിലമതിക്കുന്ന എസ്റ്റേറ്റുകളും തൊട്ട് പസഫിക് പാലിസേ‌ഡ്സിലെ താമസക്കാരായിരുന്ന താരങ്ങളുടെ സമ്പാദ്യമായ റിട്ടയർമെന്‍റ് ഹോമുകള്‍ വരെ കാട്ടുതീ കവർന്നു.

ഓസ്കാർ ജേതാക്കളായ ജെഫ് ബ്രിഡ്ജസ്, മെൽ ഗിബ്സൺ എന്നിവരുടെ മാലിബു ഭവനങ്ങള്‍ അവശേഷിപ്പുകളില്ലാതെ നിലംപതിച്ചു. ജെഫ് ബ്രിഡ്ജസ് നഷ്ടപ്പെട്ടത് പാരമ്പര്യമായി ലഭിച്ച കുടുംബവീടാണ്. പ്രമുഖ മോഡൽ പാരിസ് ഹില്‍ട്ടന്‍ തന്‍റെ വീട് കാട്ടുതീയില്‍പ്പെട്ടെന്ന വിവരം സ്ഥിരീകരിച്ചത് വ്യാഴാഴ്ചയാണ്. വിവരിക്കാനാവാത്ത നഷ്ടമെന്ന കുറിപ്പോടെ അഗ്നിവിഴുങ്ങിയ വീടിന്‍റെ അവശിഷ്ടങ്ങളുടെ ദൃശ്യം അവർ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

ഹോളിവുഡ് ഹാസ്യതാരം ബില്ലി ക്രിസ്റ്റലിന് നഷ്ടമായത് 1979 കാലം മുതല്‍ കുടുംബവുമൊത്ത് താമസിച്ചുവന്ന, മക്കളും കൊച്ചുമക്കളും ജനിച്ചുവളർന്ന വീടാണ്. ഗാനരചയിതാവ് ഡയാൻ വാറന് മൂന്ന് പതിറ്റാണ്ടുകാലം സ്വന്തമെന്ന് കരുതിയ വീടും നഷ്ടപ്പെട്ടു. കാട്ടുതീയില്‍ നിന്ന് സുരക്ഷതേടി വീടുവിടുമ്പോള്‍ ജുറാസിക് വേള്‍ഡ് താരം ഡാനിയേല പിനെഡാ കൈയിലെടുത്ത് ലാപ്ടോപ്പും ഓമനമൃഗത്തെയും മാത്രം. സ്വപ്നഭവനം അഗ്നിക്കിരയായതോടെ, തനിക്ക് ഇനി സമ്പാദ്യമായി ഒരു ജോഡി ചെരുപ്പ് മാത്രമാണുള്ളതെന്ന് ഡാനിയേല പറയുന്നു.


ഓസ്‌കാർ ജേതാവും നടനുമായ സർ ആൻ്റണി ഹോപ്കിൻസിന്‍റെ പസഫിക് പാലിസേഡ്‌സിലെ രണ്ടു വീടുകളും കാട്ടുതീയില്‍ നഷ്ടമായി. വിവരം, ഇൻസ്റ്റാഗ്രാമിലൂടെയാണ് ഹോപ്കിൻസ് സ്ഥിരീകരിച്ചത്.

ഗിൽമോർ ഗേൾസ് ആൻഡ് ഹീറോസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മൈലോ വെൻ്റി മിലിയ, നെറ്റ്ഫ്ളിക്സ് ഹിറ്റ് ഷോ 'നൊബഡി വാണ്ട്സ് ദിസ്' നടന്‍ ആഡം ബ്രോഡി, പങ്കാളിയും നടിയുമായ ലെയ്‌ടന്‍ മീസ്റ്റർ, ഹില്‍സ് താരങ്ങളും ദമ്പതികളുമായ സ്പെൻസർ പ്രാറ്റ്- ഹയ്‌ഡി മൊണ്ടാഗ്, ടോപ്പ് ഗൺ മാവെറിക്ക് താരം മൈല്‍സ് ടെല്ലർ, റാപ്പർ ജെനെ ആയിക്കോ, സ്‌കേറി മൂവി താരം അന്ന ഫാരിസ്, നടന്‍ കാമറോണ്‍ മാത്തിസണ്‍, ഗായികയും നടിയുമായ മാൻഡി മൂർ, പാലിസേഡ്‌സിൻ്റെ ഓണററി മേയർ കൂടിയായ ഷിറ്റ്‌സ് ക്രീക്ക് സിറ്റ്‌കോം താരം യൂജിൻ ലെവി എന്നിങ്ങനെ കാട്ടുതീ ഒറ്റ രാത്രികൊണ്ട് വാരിയെടുത്തത് ഡസൻകണക്കിന് സെലിബ്രിറ്റികളുടെ സ്വത്തും സമ്പാദ്യവുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com