സ്വര്‍ണക്കടത്ത് കേസില്‍ പി. വിജയനെതിരായ വ്യാജമൊഴി; എം.ആര്‍. അജിത് കുമാറിനെതിരെ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

പി. വിജയൻ ഐപിഎസിനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോടു പറഞ്ഞെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി
എം.ആർ. അജിത് കുമാർ, പി. വിജയൻ
എം.ആർ. അജിത് കുമാർ, പി. വിജയൻ
Published on

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഇന്റലിജൻസ് മേധാവി പി. വിജയൻ നൽകിയ പരാതി അവഗണിച്ച് ആഭ്യന്തര വകുപ്പ്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ തനിക്കെതിരെ അജിത് കുമാ‍ർ‌ വ്യാജ മൊഴി നൽകിയെന്നായിരുന്നു ഇന്റലിജൻസ് മേധാവിയുടെ പരാതി. ആറുമാസം മുൻപാണ് ഇന്‍റലിജന്‍സ് എഡിജിപി പി. വിജയൻ പരാതി നൽ‌കിയത്.


പി. വിജയൻ ഐപിഎസിനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു എം.ആർ. അജിത് കുമാർ പ്രത്യേക അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയത്. തുടർന്ന് അന്വേഷണ സംഘം സുജിത് ദാസിൽ നിന്ന് വിവരം തേടി. എന്നാൽ ഇത്തരം ഒരു വിവരവും അജിത് കുമാറിനോടു പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത് ദാസിന്റെ മൊഴി. പൊലീസ് സേനയിലെ ഉന്നതർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന നിലമ്പൂർ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്‍റെ ആരോപണം അന്വേഷിച്ച ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അജിത് കുമാർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്. 

ഇതിനു പിന്നാലെയാണ് തനിക്കെതിരെയുള്ള അപകീർത്തികരമായ വ്യാജ മൊഴിയിൽ വിശദമായി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി മുഖാന്തരം ചീഫ് സെക്രട്ടറിക്ക് പി. വിജയൻ പരാതി നൽകിയത്. വ്യാജ മൊഴി നൽകിയതിന് എതിരെ ക്രിമിനൽ, സിവിൽ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ശുപാർശ ചെയ്ത് ഡിജിപി സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചിരുന്നു . എന്നാൽ ഈ റിപ്പോർട്ടിലെ പരാതിയിലോ ആറു മാസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന സമീപനമാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത് എന്നാണ് പൊതുവേ ഉയരുന്ന ​ആരോപണം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് സർക്കാർ ക്ലീൻ ചിറ്റ് നൽകിയിരുന്നു. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും റിപ്പോർട്ടിൽ ഒപ്പിടുകയും ചെയ്തു.  പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത്. ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയിൽ മാത്രമാണ് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ അജിത് കുമാറിനെ വിശിഷ്ട സേവന മെഡലിനും ശുപാർശ ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com