
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമായ ഇടമേതാണ് എന്ന് ചോദിച്ചാൽ അത് വീടാണ് എന്നാണ് എല്ലാവരും പറയുക. എന്നാൽ വീട് സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമല്ലെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. യുഎൻ ഗ്ലോബല്‍ ഫെമിസെെഡ് ഇന്‍ഡക്സിന്റേതാണ് പുതിയ പഠനം. ഓരോ മണിക്കൂറിലും 140 സ്ത്രീകളോ പെണ്‍കുട്ടികളോ ആണ് ലോകത്ത് കൊല്ലപ്പെടുന്നത്. 2023 ൽ ആകെ 85,000 കൊലപാതകങ്ങള്‍ ആണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ 60 ശതമാനവും, അതായത് 51,100 കൊലപാതകങ്ങളിലും സ്ത്രീകളുമായി അടുത്ത് ബന്ധമുള്ള പുരുഷന്മാരാണ് പ്രതികള്‍. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ഫെമിസെെഡ് ഇന്‍ഡക്സ് - സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും അപകടകരമായ ഇടം, വീടു പോലുള്ള സ്വകാര്യ ഇടങ്ങളാണെന്ന് പറയുന്നത്.
2022 ല്‍ 89,000 ആയിരുന്നു ആകെ സ്ത്രീഹത്യകള്‍. കഴിഞ്ഞ വർഷം നാലായിരത്തോളം സംഭവങ്ങളില്‍ കുറവു വന്നു. എന്നാല്‍ ഉറ്റവരാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഈ കണക്കില്‍ കുത്തനെയുയർന്നു എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ആഫ്രിക്കയാണ് സ്വന്തക്കാരാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ലോക ശരാശരിയുടെ 0.8 ശതമാനം സ്ത്രീഹത്യകളുമായി 2023 ലെ കണക്കില്‍ രണ്ടാമതാണ് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ മേഖല.
പിന്നാലെ അമേരിക്കയും പസഫിക് ദ്വീപ് പ്രദേശങ്ങളും ഉൾപ്പെടുന്നു. അമേരിക്ക-യൂറോപ് മേഖലകളില്‍ പങ്കാളികളാണ് പ്രധാനമായും പ്രതിസ്ഥാനത്തെങ്കില്‍- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മറ്റു പുരുഷ ബന്ധുക്കളുടെ പങ്കാളിത്തമാണ് സ്ത്രീഹത്യകളില്‍ കാണുന്നത്. ഈ കണക്കും പൂർണ്ണമല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമ കണക്കുകൾ സൂക്ഷിക്കുകയും കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്. അടഞ്ഞ ജനസമൂഹങ്ങളിലെ എത്രയോ കേസുകള്‍ കാണാമറയത്തുണ്ട്. അതിന്റെ ചെറിയൊരു അംശം മാത്രമാണിത്.
കേസുകളുടെ സിംഹഭാഗവും വഹിക്കുന്നത് ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. ഫ്രാന്‍സില്‍ 2019-2022 കാലയളവിലുണ്ടായ 79 ശതമാനം സ്ത്രീഹത്യകളിലും പങ്കാളികളായിരുന്നു പ്രതികള്‍. 5 ശതമാനത്തോളം കേസുകള്‍ ലെെംഗികാതിക്രമങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുന്നതുപോലുള്ള സംഭവങ്ങളാണ്. ദക്ഷിണാഫ്രിക്കയില്‍ 2020-2021നുമിടയില്‍ ആകെ സ്ത്രീഹത്യയില്‍ 9 ശതമാനം മാത്രമാണ് വീടിനുപുറത്ത് നടന്നത്.
ഈ രാജ്യങ്ങളിലെ മിക്ക ഗാർഹിക കൊലപാതകങ്ങളിലെയും ഇരകള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഏതെങ്കിലും വിധത്തില്‍ നിയമ സുരക്ഷ തേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. ഗാർഹിക പീഡനങ്ങള്‍ക്ക് സ്ത്രീകളെന്ന പോലെ തന്നെ പുരുഷന്മാരും ഇരകളാകുന്നുണ്ടെന്നതും റിപ്പോർട്ട് അംഗീകരിക്കുന്നു. 2023 ലെ കണക്കെടുത്താല്‍ ആഗോളതലത്തില്‍ കൊലപ്പെട്ടവരില്‍ 80 ശതമാനവും പുരുഷന്മാരാണ്. എന്നാലിതില്‍ 12 ശതമാനം ആണ് ഗാർഹിക പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടത് എന്നതാണ് വ്യത്യാസം. ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്കെടുപ്പ് നടക്കുന്നതും വർധിച്ചു വരുന്ന ഈ ആശങ്ക മുന്‍നിർത്തിയാണ്.