അപകടകരമായ സാഹചര്യമില്ലെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി
മലപ്പുറം പോത്തുകല്ലിലെ ആനക്കല്ലിൽ മണ്ണിനടിയിൽ നിന്ന് ഉഗ്രശബ്ദവും പ്രകമ്പനവും. ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായതായാണ് നാട്ടുകാർ അറിയിച്ചത്. പ്രദേശവാസികൾ വീടുകളിൽ നിന്നും ഇറങ്ങിയോടി. എന്നാൽ, അപകടകരമായ സാഹചര്യമില്ലെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് സംഭവം ഉണ്ടായത്. ക്വാറികളിൽ പാറ പൊട്ടിക്കുന്നതിന് സമാനമായ ഉഗ്ര സ്ഫോടന ശബ്ദമാണ് ഭൂമിക്കടിയിൽ നിന്ന് നാട്ടുകാർക്ക് അനുഭവപ്പെട്ടത്. ചെറിയ സ്ഫോടന ശബ്ദങ്ങളും കേട്ടു. വീടുകൾക്ക് വിള്ളൽ വന്നതോടെ നാട്ടുകാർ വീടിനു പുറത്തിറങ്ങി നിന്നു. ഉഗ്രശബ്ദം കേട്ട് പരിഭ്രാന്തരായ ചിലർ വീടിന് പുറത്തേക്ക് ഇറങ്ങിയോടി.
ALSO READ: കവളപ്പാറ ദുരന്തം: നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്
പല വീടുകൾക്കും മുറ്റത്തും വിള്ളലുണ്ടായി. ഇതേ തുടർന്ന് നാട്ടുകാരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി. രാത്രി 11 വരെ ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.
മുൻപ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറയ്ക്ക് തൊട്ടടുത്തുള്ള സ്ഥലമാണ് പോത്തുകല്ല്. കൂടാതെ മുണ്ടക്കൈ ദുരന്തത്തിലെ മൃതദേഹങ്ങൾ വന്നടിഞ്ഞതും പോത്തുകല്ല് ഭാഗത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ആളുകൾക്ക് ഭീതിയുണ്ടായത്. ഭീകരമായ ശബ്ദമായിരുന്നു ഉണ്ടായതെന്നും വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ട അവസ്ഥയായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
ALSO READ: കേരളത്തിൻ്റെ ഉള്ളുലച്ച മണ്ണിടിച്ചിൽ ദുരന്തങ്ങൾ; കവളപ്പാറയും പുത്തുമലയും പെട്ടിമുടിയും മറക്കാനാകുമോ?