
ശബരിമലയിൽ രാവിലെ നട തുറന്നത് മുതൽ തീർത്ഥാടകരുടെ വൻ ജനത്തിരക്ക്. ഇന്നും എഴുപതിനായിരം പേരാണ് ദർശനത്തിനായി ഓൺലൈനായി ബുക്ക് ചെയ്തിട്ടുള്ളത്. എഴുപതിനായിരത്തിൽ അധികം പേർ ദർശനം നടത്തിയിരുന്നു. ഇന്നലെ വൃശ്ചികം ഒന്നിന് ശബരിമലയിൽ ദർശനം നടത്തിയത് എഴുപതിനായിരത്തിലധികം തീർഥാടകരാണ്. ഇന്നും വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത്.
അതേസമയം, ശബരിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചു. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസ് ആണ് കത്തി നശിച്ചത്. ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവറും കണ്ടക്ടറും പരിക്കേൽക്കാതെ രക്ഷപെട്ടു. മൂന്ന് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ബസ് പൂർണ്ണമായും കത്തി നശിച്ച അവസ്ഥയിലാണ്.
ശബരിമലയിൽ ഇക്കുറി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്ന് പരാതി ഉയരുന്നുണ്ട്. ശുചിമുറികൾ, വിശ്രമമുറികൾ, കുടിവെള്ളം, ഗതാഗതം തുടങ്ങിയ സംവിധാനങ്ങളുടെ ലഭ്യതയെക്കുറിച്ചും വിമർശമുയരുന്നുണ്ട്.
ശബരിമലയിൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ടാകും. മണ്ഡലപൂജ ഡിസംബർ 26നാണ് നടക്കുക. 26ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.